തിരുവനന്തപുരം :കാൻസർ രോഗികളുടെ ആശ്രയമായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (ആർ.സി.സി) ജലക്ഷാമത്തിന് പരിഹാരമായി. നേരത്തേ പ്രതിദിനം ലഭ്യമാക്കിയിരുന്ന 13 ലക്ഷം ലിറ്റർ വെള്ളം വീണ്ടും ലഭ്യമാക്കിയതായി വാട്ടർ അതോറിട്ടി അറിയിച്ചു. പതിവായി ലഭിച്ചിരുന്ന വെള്ളം കഴിഞ്ഞ 4 മാസമായി ആർ.സി.സിക്ക് ലഭിച്ചിരുന്നില്ല. ഇതോടെ ആർ.സി.സി സ്വകാര്യ ഏജൻസികളിൽ നിന്ന് വെള്ളം വാങ്ങുന്നത് പതിവായി. ഇക്കാര്യം കേരളകൗമുദി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ വാട്ടർ അതോറിട്ടി അധികൃതരുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് ജലക്ഷാമം പരിഹരിച്ചത്. ആർ.സി.സിയിലേക്ക് വെള്ളം എത്തിച്ചിരുന്ന മെഡിക്കൽ കോളേജിലെ വാൽവിൽ നിയന്ത്രണങ്ങൾ വരുത്തിയാണ് ജലക്ഷാമം പരിഹരിച്ചതെന്ന് വാട്ടർഅതോറിട്ടി അധികൃതർ അറിയിച്ചു. ജലലഭ്യത കുറഞ്ഞതോടെ ആർ.സി.സി അധികൃതർ വാട്ടർ അതോറിട്ടിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. രണ്ടു വർഷമായി രണ്ടുമാസത്തിലൊരിക്കൽ 14 ലക്ഷം രൂപയാണ് ആർ.സി.സി വെള്ളക്കരമായി അടയ്ക്കുന്നത്. ജലക്ഷാമമുണ്ടായപ്പോഴും സമാനമായ തുക നൽകേണ്ടിവന്നു. ഇതിനു പുറമേ ആർ.സി.സി മൂന്നുമാസത്തിനിടെ 3.25 ലക്ഷം രൂപയ്ക്ക് സ്വകാര്യ ഏജൻസികളിൽ നിന്ന് വെള്ളം വാങ്ങുകയും ചെയ്തു. തകരാർ പരിഹരിക്കാതെ ഏജൻസികളുമായി ചേർന്ന് വാർട്ടർ അതോറിട്ടി ഒത്തുകളിക്കുകയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. പേരൂർക്കടയിലെ ടാങ്കിൽ നിന്നുള്ള ജലലഭ്യത കുറഞ്ഞതാണ് ജലക്ഷാമത്തിന് കാരണമെന്നാണ് വാട്ടർ അതോറിട്ടി ആദ്യം പറഞ്ഞിരുന്നത്. സ്വകാര്യ ഏജൻസി ടാങ്കറിലെത്തിക്കുന്ന വെള്ളം ആശുപത്രിയുടെ വാട്ടർടാങ്കിലാണ് നിറച്ചിരുന്നത്. ഇത് ഗുണനിലവാരമില്ലാത്ത വെള്ളമാണെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.