കൊൽക്കത്ത : ഇന്ത്യൻ ക്രിക്കറ്റ് സെലക്ടർമാർ മലയാളി താരം സഞ്ജു സാംസണിനോട് കാട്ടുന്ന അവഗണന തുടരുന്നു.
ബംഗ്ളാദേശിനെതിരായ ട്വന്റി -20 പരമ്പരയിൽ ടീമിലെടുത്തിരുന്നിട്ടും ഒരു കളിയിൽപ്പോലും അവസരം കൊടുക്കാതെ സഞ്ജുവിനെ ഡ്രെസിംഗ് റൂമിന് കാവലിരുത്തിയ സെലക്ടർമാർ ഇന്നലെ വെസ്റ്റ് ഇൻഡസിനെതിരായ ഏകദിന, ട്വന്റി -20 പരമ്പരയ്ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ ഉൾപ്പെടുത്തിയതുമില്ല. ഇതോടെ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് രണ്ടാം ട്വന്റി -20 മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ സഞ്ജുവിന് ഗാലറിയിലിരുന്ന് കളി കാണാം.
ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിൽ ഇന്നലെ കൊൽക്കത്തയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ബംഗ്ളാദേശിനെതിരായ ട്വന്റി-20 പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്ന വിരാട് കൊഹ്‌ലി വിൻഡീസിനെതിരെ ഏകദിനത്തിലും ട്വന്റി-20യിലും ക്യാപ്ടൻസി ഏറ്റെടുക്കും. പേസർമാരായ മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തി. ബംഗ്ളാദേശിനെതിരെ ട്വന്റി-20യിൽ അരങ്ങേറ്റം കുറിച്ച ആൾ റൗണ്ടർ ശിവം ദുബയ്ക്ക് ഏകദിന ടീമിലേക്കും അവസരം നൽകി. കുൽദീപ് യാദവും ട്വന്റി-20 ടീമിൽ ഇടം പിടിച്ചു. ബംഗ്ളാദേശിനെതിരായ ട്വന്റി-20യിൽ ഹാട്രിക് നേടിയ ദീപക് ചഹർ ഏകദിന ടീമിലേക്ക് തിരിച്ചെത്തി. ഫോമില്ലാതെ തുടരുന്ന പന്തിനെ ഇരുടീമുകളിലും ഉൾപ്പെടുത്തി. വിൻഡീസിനെതിരായ പരമ്പരയിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകുമെന്നായിരുന്നു കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ സഞ്ജുവിന് അവസരം നൽകാമായിരുന്നു. എന്നാൽ, രോഹിതിന് വിശ്രമം എന്നത് സെലക്ടർമാരുടെ പരിഗണനയ്ക്ക് വന്നതേയില്ല.
പ്രസാദിന്റെ ലാസ്റ്റ് സെലക്ഷൻ
ഇന്ത്യൻ ചീഫ് സെലക്ടർ എന്ന നിലയിൽ എം.എസ്.കെ. പ്രസാദിന്റെ അവസാന കമ്മിറ്റി യോഗമായിരുന്നു ഇന്നലത്തേത്. പ്രസാദിനൊപ്പം ഗഗൻ ഘോഡയ്ക്കും നാലുവർഷ കാലാവധി പൂർത്തിയാവുകയാണ്.
ഇന്ത്യൻ ടീമുകൾ
ഏകദിനം, വിരാട് കൊഹ്‌ലി, രോഹിത്, ധവാൻ, രാഹുൽ, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, കേദാർ യാദവ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ദീപക് ചഹർ, ഭുവനേശ്വർ കുമാർ.
ട്വന്റി -20
വിരാട് കൊഹ്‌ലി, രോഹിത്, രാഹുൽ, ധവാൻ, പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ശിവം ദുബെ, ജഡേജ, വാഷിംഗ്ടൺ സുന്ദർ, ചഹൽ, കുൽദീപ്, ദീപക് ചഹർ, ഭുവനേശ്വർ, ഷമി.