പാറശാല: പറക്കമുറ്റാത്ത പെൺമക്കളെ തനിച്ചാക്കിയുള്ള ടീച്ചറമ്മയുടെ വേർപാട് ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തി. 7,​ 10 ക്ലാസുകളിൽ പഠിക്കുന്ന മക്കളായ ഗോപിക, ദേവിക എന്നിവരെ പതിവുപോലെ ട്യൂഷൻ സെന്ററിൽവിട്ട ശേഷം ഊരൂട്ടുകാല ജി.ആർ പബ്ലിക് സ്‌കൂളിലേക്ക് പോകുമ്പോഴാണ് പഴയകട ഭാഗത്തുവച്ച് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ബിന്ദുവിന്റെ സ്‌കൂട്ടറിൽ ഇടിച്ചത്. ജി.ആർ പബ്ലിക് സ്‌കൂളിലെ കെ.ജി വിഭാഗത്തിലെ കമ്പ്യൂട്ടർ അദ്ധ്യാപികയാണ് ബിന്ദു. ഭർത്താവ് ഗോപകുമാർ പൂവാറിലെ സ്വകാര്യ റിസോർട്ടിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ്. സഹോദരി ഇന്ദുലേഖ ഇതേ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപികയാണ്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ലോറിക്കടിയിൽ നിന്നും ടീച്ചറെ പുറത്തെടുത്ത് അതുവഴി വന്ന ഡോക്ടറുടെ കാറിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഊരൂട്ടുകാല ജി.ആർ പബ്ലിക് സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ബിന്ദു ടീച്ചറെ ഒരുനോക്കു കാണാനെത്തിയ വിദ്യാർത്ഥികളും അദ്ധ്യാപകരും നിയന്ത്രണംവിട്ട് കരഞ്ഞു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം കുളത്തൂരിലുള്ള ഭർത്താവിന്റെ വീട്ടിലെത്തിച്ചത്. അമ്മയുടെ മൃതദേഹത്തിനു മുന്നിൽ നിറകണ്ണുകളോടെ നിന്ന മക്കളെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ പലരും വിഷമിച്ചു. കഴിഞ്ഞദിവസം വീട്ടിലെത്തിയ തനിക്ക് ചുംബനം നൽകിയ ചേച്ചി തന്നെ വിട്ടുപോയെന്ന വാർത്തയറിഞ്ഞ ഇന്ദുലേഖയ്‌ക്ക് സങ്കടം സഹിക്കാനായില്ല. ബിന്ദുവിന് ആദരാഞ്ജലി അർപ്പിക്കാൻ ഒരു നാട് മുഴുവൻ വീട്ടിലെത്തിയിരുന്നു. വൈകിട്ട് 6ഓടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.