തിരുവനന്തപുരം: ജില്ലാ കലോത്സവത്തിന്റെ മൂന്നാം നാൾ കോഴ ആരോപണത്തെ ചൊല്ലി വേദികളിൽ സംഘർഷം. പരസ്പരമുള്ള പോർവിളി, തമ്മിൽ തല്ലിന്റെ വക്കോളമെത്തിയപ്പോൾ പൊലീസെത്തിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.ചാല തമിഴ് സ്കൂളിൽ നടന്ന എച്ച്.എസ്.എസ് വിഭാഗം നാടൻ പാട്ട് മത്സരം കഴിഞ്ഞപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഫലനി‍ർണയത്തിൽ ക്രമക്കേട് ആരോപിച്ച് ഒരു സംഘം വിദ്യാർത്ഥികൾ വിധികർത്താക്കളെ കൂക്കി വിളിച്ചു. സംഘാടകസമിതി ഓഫീസിലെത്തിയ വിധികർത്താക്കളിലൊരാൾ 'നിങ്ങൾ ചന്തപ്പിള്ളേരെ പോലെ പെരുമാറരുതെന്നാണ് ' കുട്ടികളോട് പറഞ്ഞത്. ഇതോടെ വിദ്യാർത്ഥികളെ അധിക്ഷേപിച്ചെന്നായി പിന്നത്തെ ആരോപണം. അതൊരു സമരമായി മാറുമെന്നായപ്പോൾ സംഘാടകർ മാപ്പ് പറഞ്ഞു. രാത്രി എട്ടരയോടെ ഹൈസ്കൂൾ വിഭാഗം സംഘനൃത്ത ഫലം പ്രഖ്യാപിച്ചപ്പോഴായിരുന്നു കാര്യങ്ങൾ കൈവിട്ടുപോകുമെന്ന നിലയിലെത്തിയത്. അവസാനം മത്സരിച്ച ടീമിന്റെ പ്രകടനം കഴിഞ്ഞ് വേണ്ടത്ര സമയം എടുക്കാതെ തന്നെ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചതു പോലെ വിജയ ടീമിനെ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് മറ്റ് സ്കൂളുകളുടെ ആരോപണം. വേദിയിൽ കയറി മൊബൈലിൽ രംഗങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചയാളുടെ ഫോൺ സംഘാടകരിൽ ഒരാൾ പിടിച്ചെടുത്തു. വേദിയിലെ സംഘർഷം മീഡിയാ സെന്ററിലേക്കും സംഘാടക സമിതി ഓഫീസിനു മുന്നിലേക്കും നീണ്ടു. സംഘാടകരും പരാതിക്കാരും തമ്മിലുള്ള വാക്കേറ്റം വെല്ലുവിളിയിലും എടാപോടാ വിളിയിലുമെത്തി. തുടർന്ന് പൊലീസെത്തി പരാതിക്കാരിൽ നിന്നും അപ്പീൽ വാങ്ങി പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു.