പോത്തൻകോട്: ശക്തമായ മഴയ്‌ക്കൊപ്പം ഇന്നലെ വൈകിട്ടോടെ വീശിയടിച്ച കാറ്റ് കാട്ടായിക്കോണം മേഖലയിലെ വാവറക്കോണം, കുണ്ടയത്ത്, ശാസ്തവട്ടംഏല,​ സ്വാമിയാർ മഠം എന്നിവിടങ്ങളിൽ വ്യാപകനാശം വിതച്ചു. നിരവധി സ്ഥലങ്ങളിൽ കെട്ടിടങ്ങളുടെയും വൈദ്യുത പോസ്റ്റുകളുടെയും മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണു. വ്യാപക കൃഷിനാശവുമുണ്ടായി. തെങ്ങാംവിളയിൽ ദിനേശിന്റെ തോട്ടത്തിലെ റബർമരങ്ങൾ കെട്ടിടത്തിന് സമീപത്തേക്ക് പിഴുതുവീണു. സ്വാമിയാർ മഠം പനയക്കുഴിയിൽ ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണു. ബാലരാജിന്റെ വീടിനുമുന്നിൽ മരങ്ങൾ വീണ് സ്റ്റെയർകേസിനും പാർക്കുചെയ്‌തിരുന്ന കാറിനും കേടുപാടുണ്ടായി. ശാസ്‌തവട്ടത്ത് റോബിൻസൺ ബ്രൂസിന്റെ വീട്ടുവളപ്പിൽ നിന്ന തേക്കുമരം റോഡിലേക്ക് ഒടിഞ്ഞുവീണു. പെട്ടെന്നുണ്ടായ കാറ്റ് നാട്ടിൽ പരിഭ്രാന്തി പരത്തി.