ബ്രിസ്ബേൻ : ആസ്ട്രേലിയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ 240ന് ആൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റ് വീഴ്ത്തിയ പറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വകഴ്ത്തിയ ഹേസൽവുഡും ചേർന്നാണ് പാകിസ്ഥാനെ തകർത്തത്. 76 റൺസടിച്ച ആസാദ് ഷഫീഖാണ് പാകിസ്ഥാന്റെ ടോപ്സ്കോറർ. ക്യാപ്ടൻ അസ്ഹർഅലി (39), ഓപ്പണർ ഷാൻമസൂദ് (27) എന്നിവർ മാന്യമായ തുടക്കം നൽകിയെങ്കിലും ഹാരിസ് സൊബെൽ (1), ബാബർ അസം (1), ഇഫ്തിഖർ അഹമ്മദ് (7) എന്നിവരുടെ പെട്ടെന്നുള്ള പുറത്താകൽ പാകിസ്ഥാന് തിരിച്ചടിയായി. മുഹമ്മദ് റിസ്വാൻ (37), യാസിർ ഷാ (26) എന്നിവരും കൂടി പൊരുതിയാണ് 240ൽ എത്തിച്ചത്.
തകർത്തടിച്ച് സ്റ്റോക്സ്
മൗണ്ട് മൗംഗാംനൂയി : ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട്, ആദ്യ ദിനം കളി നിറുത്തുമ്പോൾ 241/4 എന്ന നിലയിലെത്തി. അർദ്ധ സെഞ്ച്വറികൾ നേടിയ റോയ് ബേൺസ് (52), ഡെൻലെ (74), ബെൻസ്റ്റോക്സ് (67 നോട്ടൗട്ട്) എന്നിവരാണ് ഇംഗ്ളണ്ടിന് മികച്ച തുടക്കം നൽകിയത്.
സ്വർണ വെടിയുതിർത്ത് മനു, ഇളവേണിൽ
പുതിയാൻ : ചൈനയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പ് ഫൈനൽസിൽ ഇന്ത്യൻ താരങ്ങളായ മനു ഭാക്കർ, ഇളവേണിൽ വാളറിവൻ എന്നിവർ സ്വർണം നേടി. 10 മീറ്റർ എയർ പിസ്റ്റാൾ ഇനത്തിലാണ് മനുവിന്റെ സ്വർണം. 10 മീറ്റർ എയർ റൈഫിളിലാണ് ഇളവേണിൽ പൊന്നണിഞ്ഞത്.
കോസ്റ്റയ്ക്ക് ശസ്ത്രക്രിയ
മാഡ്രിഡ് : സ്പാനിഷ് ഫുട്ബാൾ ക്ളബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്ട്രൈക്കർ ഡീഗോ കോസ്റ്റ് നട്ടെല്ലിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. താരത്തിന് മൂന്ന് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും.