തിരുവനന്തപുരം: അറബിക് കലോത്സവങ്ങൾ അവസാനിച്ചപ്പോൾ യു.പി വിഭാഗത്തിൽ കിളിമാനൂരും എച്ച്.എസ് വിഭാഗത്തിൽ ആറ്റിങ്ങലും ജേതാക്കളായി. യു.പി വിഭാഗത്തിൽ ജേതാക്കളായ കിളിമാനൂരിന് 65 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തെത്തിയ ആറ്റിങ്ങലിന് 63 പോയിന്റുണ്ട്. പാലോട് 57 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. എച്ച്.എസ് വിഭാഗം അറബിക്കിൽ 87 പോയിന്റുമായി ആറ്റിങ്ങൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 84 പോയിന്റ് നേടി തിരുവനന്തപുരം സൗത്ത് രണ്ടാമതും അത്രതന്നെ പോയിന്റ് നേടിയ നെടുമങ്ങാട് മൂന്നാം സ്ഥാനത്തുമെത്തി. സ്കൂൾ വിഭാഗത്തിൽ 76 പോയിന്റ് നേടി പാറശാല ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. 63 പോയിന്റോടെ മണക്കാട് ഗവ. വി ആൻഡ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 48 പോയിന്റ് നേടി ക്രെസന്റ് എച്ച്.എസ് നെടുമങ്ങാട് മൂന്നാമതുമെത്തി. സ്‌കൂൾ വിഭാഗത്തിൽ 66 പോയിന്റോടെ പാറശാല ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തെത്തി. മണക്കാട് ഗവ. ഗേൾസ് വി ആൻഡ് എച്ച്.എസ്.എസ് 53 പോയിന്റോടെ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ 41 പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി. യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ 88 പോയിന്റ് നേടി ആറ്റിങ്ങൽ ഒന്നാമതെത്തി. 86 പോയിന്റുമായി പാലോട് രണ്ടാം സ്ഥാനത്തും അത്ര തന്നെ പോയിന്റ് നേടി നെടുമങ്ങാട് മൂന്നാം സ്ഥാനത്തുമെത്തി.