തിരുവനന്തപുരം: വേദിയിലും സദസിലും ആവേശം പടർത്തി കൗമാരകലയുടെ പോരാട്ടവീര്യം അവസാനലാപ്പിലേക്കു കടക്കുമ്പോൾ 725 പോയിന്റുമായി തിരുവനന്തപുരം നോർത്ത് ഉപജില്ല മുന്നിൽ. 713 പോയിന്റുകൾ സ്വന്തമാക്കിയ തിരുവനന്തപുരം സൗത്താണ് പോയിന്റു പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 697 പോയിന്റുമായി കിളിമാനൂർ ഉപജില്ലയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. യു.പി വിഭാഗത്തിൽ 117ഉം ഹൈസ്‌കൂൾ വിഭാഗത്തിൽ 273ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 335ഉം പോയിന്റുകൾ സ്വന്തമാക്കിയാണ് തിരുവനന്തപുരം നോർത്തിന്റെ തേരോട്ടം. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി യഥാക്രമം 112,275,326 പോയിന്റുകൾ നേടിയാണ് തിരുവനന്തപുരം സൗത്ത് രണ്ടാമതെത്തിയത്. മൂന്നാം സ്ഥാനക്കാരായ കിളിമാനൂർ യു.പി വിഭാഗത്തിൽ 130, ഹൈസ്‌കൂൾ വിഭാഗത്തിൽ 261, ഹയർസെക്കൻഡറി വിഭാഗത്തിൽ 306 പോയിന്റുകളുമായാണ് പോയിന്റു പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത്.
യു.പി വിഭാഗത്തിൽ പാലോട് ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. കിളിമാനൂർ, കണിയാപുരം ഉപജില്ലകൾ ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. എച്ച്.എസ് വിഭാഗത്തിൽ സൗത്ത് ഒന്നാം സ്ഥാനത്തും നോർത്ത് രണ്ടാം സ്ഥാനത്തുമാണ്. കിളിമാനൂരാണ് മൂന്നാം സ്ഥാനത്ത്. എച്ച്.എസ്.എസ് വിഭാഗത്തിൽ തിരുവനന്തപുരം നോർത്ത്, സൗത്ത്, കിളിമാനൂർ ഉപജില്ലകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്താണ്. പോയിന്റ് നിലയിൽ സ്‌കൂളുകളിൽ ഒന്നാം സ്ഥാനത്ത് വഴുതക്കാട് കാർമ്മൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളാണ്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ കാർമ്മൽ സ്‌കൂൾ പോരാട്ടം തുടരുകയാണ്. യു.പി, ഹൈസ്‌കൂൾ വിഭാഗത്തിൽ കടുവയിൽ കെ.ടി.സി.ടി ഇ.എം.എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത്. എച്ച്.എസ്.എസ് വിഭാഗത്തിൽ കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത്.