തിരുവനന്തപുരം: ജില്ലാ റവന്യു കലോത്സവത്തിലെ മത്സരഫലങ്ങളെച്ചൊല്ലിയുള്ള തർക്കത്തിനിടെ മത്സരാർത്ഥികളും രക്ഷിതാക്കളും റോഡ് ഉപരോധിച്ചു. ഇന്നലെ രാത്രി 12ഓടെ ചാല ഹൈസ്‌കൂളിന് സമീപമാണ് സംഭവം. മത്സരഫലത്തിൽ കള്ളക്കളി നടക്കുന്നതായും വിധികർത്താക്കൾ പണം വാങ്ങി ഫലം നിശ്ചയിക്കുകയാണെന്നും ആരോപിച്ചാണ് ഒരുസംഘം മത്സരാർത്ഥികൾ റോഡ് ഉപരോധിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരുമായി ചർച്ച ചെയ്‌ത് സമരം അവസാനിപ്പിക്കുകയായിരുന്നു. സമരത്തെ തുടർന്ന് ഈ ഭാഗത്തേക്കുള്ള ഗതാഗതം അല്പനേരം സ്‌തംഭിച്ചു.