esi-nirmmikunnathinulla-s

കല്ലമ്പലം: നാവായിക്കുളത്ത് ഇ.എസ്.ഐ ആശുപത്രിയുടെ നിർമ്മാണം അകാരണമായി നീണ്ടു പോകുന്നതിൽ ആശങ്കയിലാണ് നാട്ടുകാർ. 1980ൽ നാവായിക്കുളം പഞ്ചായത്തിൽ വെള്ളൂർകോണം ജമാ- അത്ത് പള്ളിക്ക് സമീപം നാവായിക്കുളം പള്ളിക്കൽ റോഡിൽ ഇ.എസ്.ഐ ആശുപത്രിക്കായി ഏറ്റെടുത്ത രണ്ടേക്കർ പുരയിടം കാടുകയറി നശിക്കുകയാണ്. 2014ൽ അന്നാത്തെ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി കൊടിക്കുന്നിൽ സുരേഷ് അനാച്ഛേദനം ചെയ്ത മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള മൂന്ന് മാർബിൾ ഫലകങ്ങൾ കാടുപിടിച്ച ഭൂമിയിൽ നോക്കുകുത്തികളായി ശേഷിക്കുന്നു. നീണ്ട 40 വർഷമായിട്ടും കെട്ടിടം പണി ഏങ്ങുമെത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒതുങ്ങാനാണ് കെട്ടിടത്തിന്റെ വിധി.

ഏറ്റവും ഒടുവിൽ നിലവിലെ പാർലമെന്റംഗം അടൂർ പ്രകാശ് താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ആറ് മാസത്തിനകം കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. അദ്ദേഹം വിജയിച്ചതിനാൽ നാട്ടുകാർ പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.

2008-ൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് നാല് കോടി രൂപ വരുന്ന കെട്ടിട സമുച്ചയത്തിന് പെർമിറ്റ് നൽകിയതാണ്. അതിനുശേഷം 2014 - ൽ പുതുക്കിയ എസ്റ്റിമേറ്റിൽ ടെണ്ടർ ചെയ്ത കരാറുകാരന്റെ സാന്നിദ്ധ്യത്തിൽ കെട്ടിട നിർമാണ ഉദ്ഘാടനവും നടത്തി.

പിന്നീട് 5 വർഷങ്ങൾ കടന്ന് പോയിട്ടും കെട്ടിടത്തിന്റെ പ്രാരംഭ പണികളോ, ഫൗണ്ടേഷനോ നടന്നിട്ടില്ല. പതിനഞ്ചോളം കശുവണ്ടി ഫാക്ടറികൾ പ്രവർത്തിക്കുന്ന നാവായിക്കുളം പഞ്ചായത്തിലെ ഇ.എസ്.ഐ ഡിസ്പൻസറി വർഷങ്ങളായി അസൗകര്യങ്ങൾക്ക് നടുവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. നാവായിക്കുളത്തിന്റെ കണ്ണായ സ്ഥലത്ത് കോടികൾ വിലമതിക്കുന്ന ഈ പുരയിടത്തിൽ എന്നാണ് ഒരു പൊതു സ്ഥാപനം വരുന്നതെന്ന്‍ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ് നാട്ടുകാർ.