സുൽത്താൻ ബത്തേരിയിൽ സർക്കാർ ഹൈസ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച ദാരുണസംഭവം അദ്ധ്യാപകരുടെയോ ഡോക്ടർമാരുടെയോ അനാസ്ഥയോ ഉത്തരവാദിത്വമില്ലായ്മയോ മൂലം മാത്രമാണെന്ന് കരുതി നടപടി സ്വീകരിച്ചാൽ പ്രശ്നത്തിന് ഒരു ശാശ്വതപരിഹാരം സാദ്ധ്യമാവില്ല. കൊട്ടാരക്കരയിലെ ഒരു സർക്കാർ സ്കൂളിലെ പ്രഥമാദ്ധ്യാപികയും സമാനസാഹചര്യത്തിൽ ഉത്തരവാദിത്വമില്ലായ്മ കാട്ടിയെന്നാണ് പുറത്തുവന്നിട്ടുള്ള പുതിയ ഒരു വിവരം. പഠനയാത്രയ്ക്കിടെ പാമ്പുകടിയേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനുള്ള ആന്റിവെനം രക്ഷിതാക്കൾ എത്തിയ ശേഷം നൽകിയാൽ മതിയെന്ന് പ്രഥമാദ്ധ്യാപിക ശഠിച്ചുവത്രേ. സമ്മതപത്രം ഒപ്പിട്ട് നൽകുകയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ വയ്യാത്തതായിരുന്നു കാരണം !
രണ്ട് സംഭവങ്ങളിലും പ്രതിക്കൂട്ടിൽ സർക്കാർ സ്കൂളുകളിലെ അദ്ധ്യാപകരാണ്. സ്വകാര്യസ്കൂളുകളിലെ അദ്ധ്യാപകരുടെ ഇരട്ടിയോ മൂന്നിരട്ടിയോ വേതനം കൈപ്പറ്റുന്നുവെന്നത് മാത്രമല്ല സർക്കാർ സ്കൂളുകളിലെ അദ്ധ്യാപകരുടെ പ്രത്യേകത. പി.എസ്.സി നടത്തിയ മത്സരപരീക്ഷയിൽ ഉയർന്ന റാങ്ക് നേടി നിയമനം നേടിയവരാണ് ഇവർ. ഈ പശ്ചാത്തലത്തിലാണ് ഇനിയും ആരും ഉച്ചത്തിൽ ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യം പൊന്തിവരുന്നത്. തൊഴിലിന് അനുയോജ്യരാണോയെന്ന് നിശ്ചയിക്കാൻ പി.എസ്.സിയുടെ ഇപ്പോഴത്തെ നിയമനസമ്പ്രദായം പര്യാപ്തമാണോ? എഴുത്തുപരീക്ഷയിലോ അഭിമുഖത്തിലോ നേടുന്ന ഉയർന്ന മാർക്കിന്റെയും ബിരുദങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ അർഹത നിശ്ചയിക്കുന്നതിൽ എന്താണ് യുക്തി? ഗൈഡുകളും കോച്ചിംഗ് സെന്ററുകളും യഥേഷ്ടം ലഭ്യമാണെന്നിരിക്കെ, എഴുത്തുപരീക്ഷയിലൂടെ അളക്കുന്നത് പോലും ഒരു പരിധി വരെ കാണാതെ പഠിക്കാനുള്ള കഴിവാണ്.
അനാസ്ഥ എന്ന വാക്ക് പെട്ടെന്ന് ഓർമ്മിപ്പിക്കുന്നത് പോലും സർക്കാർ ജീവനക്കാരെയാണ്. അദ്ധ്യാപകർ മാത്രമല്ല സർക്കാർ സർവീസിലെ എല്ലാ മേഖലകളിലും ജീവനക്കാരിൽ ഒരു വിഭാഗം അനാസ്ഥയും ഉത്തരവാദിത്വമില്ലായ്മയും കാട്ടാറുണ്ട്. അവരൊക്കെയും പി.എസ്.സി ടെസ്റ്റ് എഴുതി ജോലി നേടിയവരാണ് താനും! സ്വന്തം ജോലിയിൽ സാമർത്ഥ്യമോ ഉത്തരവാദിത്വമോ പ്രകടിപ്പിക്കാൻ ആർക്ക് സാധിച്ചില്ലെങ്കിലും അതിന് ഒരു കാരണമേയുള്ളൂ - ആ ജോലിക്ക് അവർ കൊള്ളില്ല.
അഭിരുചി എന്ന ഒരു മഹായാഥാർത്ഥ്യമുണ്ട്. ഗൈഡ് കാണാതെ പഠിച്ചോ കോച്ചിംഗ് ക്ളാസിൽ പോയോ നേടാൻ സാധിക്കുന്നതല്ല, ഒരു നിശ്ചിത ജോലിക്ക് അനുയോജ്യമായ അഭിരുചി. ഒരു വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റെന്ന് അറിഞ്ഞപ്പോൾ ഒരു ഉത്കണ്ഠയും തോന്നാത്തവർ ഏത് അഭിരുചിയുടെ അടിസ്ഥാനത്തിലാണ് ഗുരു എന്ന മഹനീയസ്ഥാനം കരസ്ഥമാക്കിയത്? ജീവന് വേണ്ടി പിടയുന്ന ഒരു കുട്ടിയെ രക്ഷിക്കാൻ താത്പര്യമില്ലാത്ത ഡോക്ടർ എന്ത് ഡോക്ടറാണ്? മറ്റുള്ളവർക്ക് ഒരു പാഠമാകും വിധം സസ്പെൻഷൻ ഒരു ശിക്ഷാനടപടിയേയല്ല. പോയതിനേക്കാൾ വേഗത്തിൽ അവർ ജോലിയിൽ തിരിച്ചെത്തും.
രണ്ട് വർഷത്തോളം മുമ്പ് ഒരു അദ്ധ്യാപിക ഒരു വിദ്യാർത്ഥിനിയെ തല്ലിച്ചതച്ച സംഭവമുണ്ടായി. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന (സാഡിസം) മനോവൈകൃതത്തിന് ഉടമയാണ് ആ അദ്ധ്യാപികയെന്നാണ്! എഴുത്തുപരീക്ഷയിലൂടെയോ അഭിമുഖത്തിലൂടെയോ മാത്രം ഇത്തരം ഗൂഢമായ മനോവൈകൃതങ്ങൾ കണ്ടെത്താൻ സാധിക്കില്ല. സർക്കാർ സർവീസിലെ ഒരു ഡോക്ടർ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുടുങ്ങിയത് ഈയിടെയാണ്. മനുഷ്യശരീരത്തെക്കുറിച്ച് വിശദമായി പഠിച്ച ഒരു ഡോക്ടർക്ക് ഒരു യുവതിയെ കണ്ടപ്പോൾ സമനില തെറ്റേണ്ട കാര്യമില്ല. സമനില തെറ്റിയത് അയാൾ ഒരു 'രോഗി' ആയതിനാലാണ്. ഡോക്ടറെയും രോഗിയെയും പോലും വേർതിരിച്ചറിയാൻ സാധിക്കാത്ത ഒരു നിയമനസമ്പ്രദായം അപകടകരമാണ്.
വികസിത രാജ്യങ്ങളിൽ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ബിരുദപഠനത്തിന് പോലും അഭിരുചി കൂടി പരിഗണിക്കാറുണ്ട്. മെഡിക്കൽ പ്രവേശനം ലഭിക്കാൻ നിശ്ചിതകാലയളവിൽ സാമൂഹികസേവനം നടത്തിയിരിക്കണമെന്ന നിബന്ധന പോലുമുണ്ട്, ചില വികസിത രാജ്യങ്ങളിൽ. ഇന്ത്യയിലാവട്ടെ, ആരാച്ചാരാവാൻ അഭിരുചിയുള്ളവന് ഐ.ഐ.ടി അദ്ധ്യാപകനാവാൻ വരെ സാധിക്കും.
രാജ്യത്തൊട്ടാകെ നിലനിൽക്കുന്ന ഒരു നിയമനസമ്പ്രദായത്തെ എങ്ങനെ പൊളിച്ചെഴുതുമെന്ന ചോദ്യം പ്രസക്തമാണ്. പൊളിച്ചെഴുതേണ്ട, ജോലിക്ക് അനിവാര്യമായും വേണ്ട അഭിരുചിയുണ്ടോയെന്ന് കണ്ടെത്താനുള്ള ഫലപ്രദമായ മാർഗം കൂടി ആവിഷ്കരിച്ചാൽ മതി. ഒരു പഠനസമിതിയെ അതിന് നിയോഗിക്കാവുന്നതേയുള്ളൂ. സാക്ഷരതയിലും പ്രബുദ്ധതയിലും മുന്നിൽ നിൽക്കുന്ന കേരളം വേണം ഇക്കാര്യത്തിൽ രാജ്യത്തിനാകെ ഒരു മാതൃക കാട്ടാൻ.