check

തിരുവനന്തപുരം: ചാടി വീണും പിന്തുടർന്നും വാഹന യാത്രക്കാരെ പിടികൂടരുതെന്ന കോടതിയുടെ നി‌ർദേശം മാനിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുൾപ്പെടെ ശാസ്ത്രീയ രീതികളിലൂടെ വാഹന പരിശോധനയ്ക്ക് തയാറെടുക്കുകയാണ് മോട്ടോർവാഹന വകുപ്പ്. പതിവ് പരിശോധനകൾ തുടരാൻ തീരുമാനിച്ചിരിക്കുന്ന പൊലീസ് പക്ഷേ, വളവിൽ മറഞ്ഞുനിന്നും റോഡിന്റെ നടുവിൽ നിന്നുള്ള പരിശോധന ഒഴിവാക്കും. കാമറ സംവിധാനം ഉൾപ്പെടെ പരമാവധി പ്രയോജനപ്പെടുത്തിയാവും ഇനി പരിശോധന.

മോട്ടോർ വാഹന വകുപ്പ്

 മുഴുവൻ മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ഘടിപ്പിക്കും

 നമ്പ‌ർ പ്ളേറ്റും ഓടിക്കുന്നയാളുടെ മുഖവും തിരിച്ചറിയാൻ കഴിയുന്ന 100 നമ്പർപ്ളേറ്റ് - ഫേസ് ഡിറ്റക്ഷൻ കാമറകൾ വാങ്ങും.

 സി-ഡാക് സഹായത്തോടെ ആവിഷ്കരിച്ച നൂതന സംവിധാനം അനുസരിച്ച് കാമറാ ദൃശ്യങ്ങൾ പ്രത്യേക കമ്പ്യൂട്ടറിൽ അപ് ലോഡ് ചെയ്ത് വാഹന ഉടമയേയും ഫേസ് ഡിറ്റക്ഷൻ കാമറകളിലൂടെ ഡ്രൈവറെയും തിരിച്ചറിയും. പിഴ രേഖപ്പെടുത്തിയ നോട്ടീസ് വാഹന ഉടമയുടെ വിലാസത്തിൽ അയയ്ക്കും.

 ഹെൽമറ്രില്ലാതെയോ മറ്ര് നിയമലംഘനങ്ങൾക്കോ തുടർച്ചയായി പിടിക്കപ്പെട്ടാൽ (ഓടിക്കുന്നയാൾക്കും പിൻസീറ്റുകാരനും) ലൈസൻസ് സസ്പെൻഡ് ചെയ്യും.

 വീണ്ടും അതേകുറ്രം ആവർത്തിച്ചാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും

 വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കും.

 പരിശോധനയും നടപടികളുമെല്ലാം പരമാവധി ഡിജിറ്റലൈസ്ഡ് സംവിധാനമാക്കും.

26ന് യോഗം

ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ എൻഫോഴ്സ്‌‌മെന്റ് നടപടികൾ ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എൻഫോഴ്സ്മെന്റ് ചുമതലയുള്ള ജീവനക്കാരുടെ യോഗം 26ന് ട്രാൻസ്പോർട്ട് കമ്മിഷണർ വിളിച്ചിട്ടുണ്ട്.

...................................................

പൊലീസ്

 വാഹന പരിശോധന സംബന്ധിച്ച് മുൻ ഡി.ജി.പി ഇറക്കിയ സർക്കുലർ പാലിക്കും

 കൈകാണിച്ച് ഗതാഗത തടസം കൂടാതെ വാഹനം നിറുത്തിയശേഷമാകും പരിശോധന

 പൊലീസ് വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള കാമറകളും പൊലീസിന്റെ ഹാന്റികാം, തോൾ കാമറ എന്നിവയിലും പരിശോധന റെക്കാഡ് ചെയ്യും.

 കുറ്റകൃത്യം എന്താണെന്ന് ഡ്രൈവറെ കൃത്യമായി ബോദ്ധ്യപ്പെടുത്തിയശേഷമേ പിഴയും നടപടികളും സ്വീകരിക്കൂ.

 നിറുത്താതെ പോകുന്ന വാഹനങ്ങളുടെ ഫോട്ടോയും വീഡിയോയും കാമറകളിൽ പക‌ർത്തി അടുത്ത ചെക്കിംഗ് പോയിന്റിൽ അറിയിക്കും

 പിഴ ഒടുക്കാനില്ലെങ്കിൽ നിയമപരമായ നടപടി

 പൊതുസ്ഥലങ്ങളിലെ കാമറാ ദൃശ്യങ്ങളും നിയമലംഘനം കണ്ടെത്താൻ ഉപയോഗപ്പെടുത്തും

 പൊതുജനങ്ങൾ പകർ‌ത്തി അയയ്ക്കുന്ന ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന ദൃശ്യങ്ങളും പരിശോധിച്ചും നടപടി

 രാവിലെയും വൈകുന്നേരവും സ്കൂൾ സമയത്ത് റോഡുകളിൽ പരിശോധനയും പൊലീസ് സാന്നിദ്ധ്യവും ഉണ്ടാകും

 എല്ലാ വാഹനങ്ങളും പരിശോധിക്കും

2012 ലെ സർക്കുലർ

അന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് ഇറക്കിയ സർക്കുലർ കർശനമായി പാലിച്ചുകൊണ്ടാവും വാഹന പരിശോധന നടത്തുക. സർക്കുലർ ഇങ്ങനെ:

 വാഹനം കൈകാണിച്ച് നിറുത്തിയാൽ പൊലീസ് ഓഫീസർ വാഹനത്തിന്റെ സമീപമെത്തിവേണം രേഖകൾ പരിശോധിക്കാൻ

 വാഹനത്തിലുള്ളവരോട് മാന്യമായി പെരുമാറണം

 പ്രായമുള്ളവരെ ചേട്ടൻ, സർ, അല്ലെങ്കിൽ മാഡം എന്ന് സംബോധന ചെയ്യണം

 ഒരുസമയം ഒന്നിലധികം വാഹനം തടഞ്ഞിടരുത്

 ഭീഷണിയോ മർദ്ദനമോ പാടില്ല