കല്ലമ്പലം: കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ കട്ടപ്പറമ്പ് ഏലായിൽ കൊയ്ത്ത് തുടങ്ങി. കൊയ്ത്ത് യന്ത്രമില്ലാതെ ഏക്കറുകണക്കിന് സ്ഥലത്ത് കൃഷി ചെയ്തിരുന്ന പാകമെത്തിയ നെൽകതിരുകൾ വെള്ളത്തിനിടയിൽപ്പെട്ട് നശിക്കുന്നതായ വാർത്ത കഴിഞ്ഞ 6 ന് 'കൊയ്ത്ത് യന്ത്രം കിട്ടാനില്ല; പാകമായ നെൽ നശിക്കുന്നു' എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വന്നതിനെ തുടർന്നാണ്‌ നടപടി. വാർത്ത ശ്രദ്ധയിൽപ്പെട്ട കരവാരം മുൻ പഞ്ചായത്ത് പ്രസിഡന്റും, കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ. സുഭാഷ്, സത്യൻ എം.എൽ.എയുമായി കൃഷി വകുപ്പ് മന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും മന്ത്രി കൃഷി വകുപ്പ് ഡയറക്ടർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ അഗ്രോ സർവീസ് കോർപ്പറേഷനിൽ നിന്നും കൊയ്ത്തുമെതിയന്ത്രം പാടശേഖര സമിതിക്ക് വാടകയ്ക്ക് ലഭിക്കുകയുമായിരുന്നു. യന്ത്രമെത്തിയതോടെ കഴിഞ്ഞ ദിവസം മുതൽ കൊയ്ത്ത് ആരംഭിക്കുകയും ചെയ്തു. പത്തു ദിവസത്തിനകം കൊയ്ത്തു പൂർത്തിയാകും. കരവാരം പഞ്ചായത്തിന് ആകെയുണ്ടായിരുന്ന കൊയ്ത്ത് യന്ത്രം മറ്റ് പഞ്ചായത്തുകൾക്കുകൂടി വിട്ടുകൊടുക്കേണ്ടി വന്നതിനാലാണ് കൊയ്ത്ത് പ്രതിസന്ധിയിലായത്. 2010 മുതലാണ്‌ സംസ്ഥാനത്തിനു തന്നെ മാതൃകയാകും വിധം കരവാരം വഞ്ചിയൂർ കട്ടപ്പറമ്പ് ഏലായിലെ 80 ഏക്കർ തരിശുനിലത്തിൽ അന്നത്തെ പ്രസിഡന്റായിരുന്ന കെ.സുഭാഷിന്റെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചത്. ജില്ലയിലെ ഏറ്റവും വലിയ തരിശുരഹിത പാടശേഖരമെന്ന അംഗീകാരവും പഞ്ചായത്തിന് ലഭിച്ചിരുന്നു. കൊയ്ത്തു നടപടികൾ ആരംഭിച്ചതോടെ കർഷകർ ആഹ്ലാദത്തിലാണ്. കെ. സുഭാഷ്, പാടശേഖര സമിതി പ്രസിഡന്റ് രാമദാസൻപിള്ള, സെക്രട്ടറി കൃഷ്ണനുണ്ണി, തമ്പി, ബാപ്പു എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്ത് പുരോഗമിക്കുന്നത്.