അഹമ്മദാബാദ്: എന്നും വിവാദങ്ങളുടെ തോഴനാണ് സെക്സ് സ്വാമി എന്നറിയപ്പെടുന്ന സ്വാമി നിത്യാനന്ദ. നടി രഞ്ജിതയുമായുള്ള അശ്ലീല വീഡിയോകളുടെ പേരിലാണ് ആദ്യവിവാദം തുടങ്ങിയത്. നിലവിൽ, രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവിൽ പാർപ്പിക്കുന്നുവെന്ന കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം നടക്കുകയാണ്. തങ്ങളുടെ രണ്ട് പെൺമക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിൽ തടഞ്ഞുവച്ചിരിക്കുന്നതായി ബംഗളുരു സ്വദേശികളായ ദമ്പതിമാരാണ് പരാതി നൽകിയത്. തുടർന്ന്
തട്ടിക്കൊണ്ടു പോകൽ, അന്യായമായി തടവിൽ വയ്ക്കൽ തുടങ്ങിയ കേസുകൾ നിത്യാനന്ദയ്ക്കും അടുത്ത അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവർക്കെതിരെ കേസെടുത്തു. പ്രാണപ്രിയയെയും പ്രാണതത്വയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗുജറാത്ത് പൊലീസ് അന്വേഷണം കടുപ്പിച്ചതോടെ നിത്യാനന്ദ മുങ്ങി.
രാജശേഖരൻ നിത്യാനന്ദയായി
തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ സാധാരണ കുടുംബത്തിൽ ജനിച്ച എ. രാജശേഖരൻ, നിത്യാനന്ദ പരമഹംസ എന്ന പേരിൽ സ്വയം പ്രഖ്യാപിത ആൾദൈവമായത് പൊടുന്നനെയാണ്. ബംഗളൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിയിരുന്ന നിത്യാനന്ദയെ അധികാരും അറിയില്ലായിരുന്നു. പക്ഷേ, രഞ്ജിതയുമായുള്ള വീഡിയോ പുറത്തുവന്നതോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു.
2010 മാർച്ച് ആദ്യവാരത്തിലായിരുന്നു വിവാദ വീഡിയോ പുറത്തുവന്നത്. ടെലവിഷൻ ചാനലുകൾ ആഘോഷമാക്കിയ ആ വീഡിയോ മോർഫിംഗ് ആണെന്ന് വാദിച്ച് നിത്യാനന്ദയും രഞ്ജിതയും രംഗത്തെത്തിയെങ്കിലും ഫോറൻസിക് പരിശോധനകളുടെ ഫലം അവർക്കെതിരായിരുന്നു.ആ വീഡിയോകൾ രഹസ്യ കാമറവഴി റെക്കാഡ് ചെയ്തത് താനാണ് എന്ന വാദവുമായി നിത്യാനന്ദയുടെ മുൻഡ്രൈവർ ലെനിൻ കറുപ്പൻ രംഗത്തുവന്നു. ആശ്രമത്തിൽ ശിഷ്യകളായ നിരവധി സ്ത്രീകളുമായി നിത്യാനന്ദയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും കറുപ്പൻ ആരോപിച്ചിരുന്നു. നിത്യാനന്ദയുടെ ആത്മീയ ജീവിതം ഇതോടെ അവസാനിച്ചു എന്ന് പലരും വിധിയെഴുതിയെങ്കിലും ആശ്രമം വീണ്ടും സജീവമായി. വീഡിയോ വിഷയത്തിൽ സി.ഐ.ഡി അന്വേഷണം നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. രാജ്യത്തിന്റെ പലയിടങ്ങളിലും നിത്യാനന്ദയുടെ ആശ്രമങ്ങളുയർന്നു.
വീണ്ടും ആരോപണം
2012 ൽ നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ആരോപണങ്ങളുയർന്നു. ഇത് മാദ്ധ്യമങ്ങളിൽ വൻ വാർത്തയായതോടെ സ്വാമി മുങ്ങിയെങ്കിലും പൊലീസ് പിന്നാലെകൂടി. അഞ്ചുദിവസം പൊലീസ് സ്വാമിയെ പിടിക്കാൻ പെടാപ്പാടുപെട്ടെങ്കിലും വിജയിച്ചില്ല. പൊലീസിനെ കളിപ്പിച്ച് മുങ്ങിനടന്ന നിത്യാനന്ദ ആറാം ദിവസം കോടതിയിലാണ് പൊങ്ങിയത്. റിമാൻഡുചെയ്ത നിത്യാനന്ദയെ ജയിലിലേക്കയച്ചു. ഇതോടെയാണ് 'സെക്സ് സ്വാമി' എന്ന ഇരട്ടപ്പേരുവീണത്.
ഈ സമയത്താണ് നിത്യാനന്ദയുടെ ഏറ്റവും അടുത്ത ശിഷ്യയായിരുന്ന ഒരു യുവതി സ്വാമിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തിയത്. അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറഞ്ഞു. പലവട്ടം നിത്യാനന്ദ തന്നെ ബലാത്സംഗം ചെയ്തു എന്നും കൊടിയ മർദ്ദനങ്ങൾക്ക് ഇരയാകേണ്ടിവന്നു എന്നും അവർ ആരോപിച്ചു. രഞ്ജിതയുമായുള്ള വീഡിയോ എടുത്തത് താനാണെന്നും അവർ അവകാശപ്പെട്ടിരുന്നു. ആരോപണങ്ങൾ ഉയർന്നതല്ലാതെ നടപികളൊന്നുമുണ്ടായില്ല.
പ്രവേശനത്തിന് സമ്മതപത്രം
തുടർച്ചയായി ആരോപണങ്ങൾ ഉയർന്നെങ്കിലും അതൊന്നും നിത്യാനന്ദയെ ബാധിച്ചില്ല. വിദേശികൾ ഉൾപ്പെടെയുള്ള ശിഷ്യരുടെ ഒഴുക്ക് വർദ്ധിച്ചു. ഒപ്പം വരുമാനവും. താന്ത്രിക് സെക്സിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകുന്നവർക്കായിരുന്നു ധ്യാനപീഠം ആശ്രമത്തിലേക്ക് പ്രവേശനം കിട്ടിയിരുന്നത്. പരിപൂർണമായ നഗ്നത, നഗ്നചിത്രങ്ങളുമായുള്ള പരിചയം, നഗ്നതയുടെ വീഡിയോ ഡെമോൺസ്‌ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ തുടങ്ങിയവയായിരുന്നു നിത്യാനന്ദയുടെ താന്ത്രിക് സെക്സിലുൾപ്പെട്ടിരുന്നത്. ഇതിനിടെ 2013ൽ നടി രഞ്ജിത, ആശ്രമത്തിലെ മുഴുവൻ സമയ അന്തേവാസിയായി മാറുകയും മാ ആനന്ദമയി എന്നപേരുസ്വീകരിച്ച് നിത്യാനന്ദയുടെ അടുത്ത ശിഷ്യയായി മാറുകയും ചെയ്തു.തുടർന്ന് അഞ്ചുവർഷത്തോളം നിത്യാനന്ദയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചുള്ള വാർത്തകളൊന്നും പുറത്തുവന്നില്ല.
പശുക്കൾ സംസ്കൃതം പറയും
നിത്യാനന്ദയെ അമാനുഷിക തലത്തിലേക്ക് ഉർത്താനുള്ള ശ്രമങ്ങളാണ് പിന്നീട് കണ്ടത്. ഇന്റർനെറ്റിലൂടെ നിത്യാനന്ദയുടെ പ്രഭാഷണങ്ങൾ നിരന്തരം പ്രചരിപ്പിക്കപ്പെട്ടു. പശുക്കളെയും കാളകളെയും കൊണ്ട് സംസ്കൃതം സംസാരിപ്പിക്കാനുള്ള സോഫ്ട് വെയർ താൻ കണ്ടുപിടിച്ചു കഴിഞ്ഞു എന്നൊക്കെയാണ് നിത്യാനന്ദ ഇൗ പ്രഭാഷണങ്ങിൽ പറഞ്ഞിരുന്നത്. ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം തെറ്റാണെന്ന് സമർത്ഥിക്കാനും ഒരിക്കൽ ശ്രമിച്ചു.
അമാനുഷിക ശക്തി തെളിയിക്കാനായി ധ്യാനത്തിന് ഒത്തുകൂടിയ ഭക്തരെ പറത്താൻ ഒരു ശ്രമവും നടത്തി. എന്നാൽ, അത് ഫ്ലോപ്പായി. അന്ന് നടി രഞ്ജിതയടക്കമുള്ള പലരും പറക്കാൻ ശ്രമിച്ച് താഴെവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, വിവാദങ്ങൾ എല്ലാം നിത്യാനന്ദയുടെ എതിരാളികൾ സൃഷ്ടിക്കുന്നതെന്നാണ് അടുത്ത ശിഷ്യരുടെ വാദം. കത്തിക്കയറുന്ന വിവാദങ്ങൾ എല്ലാം ആവിയായിപ്പോകുന്നത് ഇതുകൊണ്ടാണെന്നും അവർ പറയുന്നു.