kesu

തിരുവനന്തപുരം: വലിച്ചെറിയുന്ന പ്ളാസ്റ്റിക് മദ്യക്കുപ്പികൾ ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്യാനുള്ള പദ്ധതിയുമായി ബിവറേജസ് കോർപറേഷൻ. സംസ്ഥാന സർക്കാരിന്റെ ശുചിത്വമിഷന് കീഴിലുള്ള ക്ളീൻ കേരള കമ്പനി ലിമിറ്റഡുമായി കൈകോർത്താണ് പദ്ധതി. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായി ക്ളീൻ കേരള കമ്പനി ബെവ്കോയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ബെവ്കോ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയാൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം,തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും. വിജയിച്ചാൽ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഹരിതകർമ്മസേന ശേഖരിക്കുന്ന കുപ്പികൾ ഓരോ നഗരസഭയിലെയും ഗോഡൗണിൽ സംഭരിക്കും. അവിടെ നിന്ന് പോണ്ടിച്ചേരിയിലെ കുപ്പികൾ നുറുക്കുന്ന സ്ഥാപനത്തിൽ ഇവ കൊണ്ടുപോകും. ഇതിനായി ഒരു കിലോഗ്രാം പ്ളാസ്റ്റിക് കുപ്പിക്ക് 7.50 രൂപ വീതം നൽകണമെന്നാണ് ക്ളീൻ കേരള ബെവ്കോയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പോണ്ടിച്ചേരിയിലെ സ്ഥാപനത്തിന് സൗജന്യമായാണ് കുപ്പികൾ നൽകുന്നതെങ്കിലും വാഹനവാടക അവരിൽ നിന്ന് ഈടാക്കാൻ പറ്റുമോയെന്ന കാര്യവും ആലോചിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇപ്പോൾ ക്ളീൻകേരള കുപ്പിമാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്.

ബിയർകുപ്പികളും ശേഖരിക്കും

ബിയർകുപ്പികൾ ശേഖരിച്ച് നൽകാൻ മദ്യനിർമ്മാണ കമ്പനിയായ യു.ബി ഡിസ്റ്റിലറീസുമായി ക്ളീൻകേരള കമ്പനിക്ക് നിലവിൽ കരാറുണ്ട്. ഒരു കുപ്പിക്ക് 1.50 രൂപയാണ് വില. ഇതിൽ ഒരു രൂപ കുപ്പി ശേഖരിക്കുന്ന വ്യക്തിക്കാണ്. പക്ഷേ ഈ കരാർ ലാഭകരമല്ല. ബെവ്കോ വിറ്റഴിക്കുന്ന ബിയർ കുപ്പികൾ പാർലറുകളിൽ നിന്നും പൊതു സ്ഥലത്തു നിന്നും ശേഖരിക്കും. ഒരു കുപ്പിക്ക് മൂന്ന് രൂപയാണ് ക്ളീൻ കേരള കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്.