തിരുവനന്തപുരം: കലോത്സവ വേദികളിൽ കാഴ്ചക്കാർക്ക് ആശ്വാസം നൽകിയിരുന്ന മിമിക്രി വേദി ഇത്തവണ പക്ഷേ തീർത്തും ശോകമൂകമായിരുന്നു.
ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം മിമിക്രി മത്സരങ്ങളിൽ ആൺകുട്ടികൾ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ആവർത്തനവിരസതയും നിലവാരത്തകർച്ചയും കൊണ്ട് പകിട്ടില്ലാതെ പോയ മിമിക്രി മത്സരങ്ങൾക്ക് ആകെ ആശ്വാസമായത് പെൺകുട്ടികളുടെ പ്രകടനം മാത്രമാണ്. ആൺകുട്ടികളെല്ലാവരും ഒരേവിഷയങ്ങൾ തന്നെയാണ് വേദിയിലെത്തിച്ചത്. മലയാള സിനിമയെ പിന്നീട് വിസ്‌മയിപ്പിച്ച ഹാസ്യതാരങ്ങൾ ജന്മമെടുത്ത മിമിക്രി എന്ന കലാരൂപത്തിനാണ് ഈ ദുരവസ്ഥ.
കലോത്സവ വേദികളിലെ സ്ഥിരം ശബ്ദസാന്നിദ്ധ്യങ്ങളായ ചലച്ചിത്ര നടന്മാരെ കൂട്ടുപിടിച്ചായിരുന്നു എല്ലാവരുടെയും പ്രകടനം. പഴയകാല നടന്മാരായ പ്രേംനസീർ, സത്യൻ എന്നിവരിൽ തുടങ്ങി മിമിക്രിക്കാരുടെ ഇഷ്ടതാരങ്ങളായ ജനാർദ്ദനൻ, ശശി കലിംഗ, കൊച്ചുപ്രേമൻ, മുതിർന്ന രാഷ്ട്രീയ നേതാക്കളായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി എന്നിവരെയും എല്ലാവരും വേദിയിലെത്തിച്ചു. സുപ്രഭാതം പൊട്ടിവിടരുന്നതും കിളികളുടെ കളകൂജനത്തിലും തുടങ്ങി വീടിന് മുന്നിലൂടെ ട്രെയിൻ പോകുന്നതും നടന്നുപോയപ്പോൾ പട്ടി കടിക്കാൻ ഓടിച്ചതും ആ പട്ടിയെ കല്ലെറിഞ്ഞപ്പോഴുണ്ടായ ദയനീയ കരച്ചിലുമൊക്കെയായി മിമിക്രിക്കാർ വേദിയിൽ 'കത്തിക്കയറി'പ്പോൾ കാഴ്ചക്കാർ നിർവികാരരായി ഇരുന്നതേയുള്ളൂ. യുവനടന്മാരുടെ ശബ്‌ദത്തെ ഡി.ജെ മ്യൂസിക്കിലൂടെയും മത്സരാർത്ഥികൾ അവതരിപ്പിച്ചു. മിമിക്രിക്കാർ ചിരിയിലൂടെ ചിന്ത വിരിയിക്കുകയാണ് ചെയ്യുന്നതെന്ന അടിസ്ഥാനതത്വങ്ങൾ പോലും മറന്നുള്ള പ്രകടനമായിരുന്നു ഓരോരുത്തരുടേതുമെന്ന് വിധികർത്താക്കൾ പറഞ്ഞു. ആൺകുട്ടികൾ ഒരു തയ്യാറെടുപ്പും ഇല്ലാതെ വന്ന് സ്റ്റേജിൽ കയറുന്ന സ്ഥിതിയായിരുന്നു. അതേസമയം പെൺകുട്ടികളാകട്ടെ പൂർണമായും അർപ്പണ മനോഭാവത്തോടെയാണ് വേദിയിലെത്തിയതെന്നും വിധികർത്താക്കൾ വിലയിരുത്തി.