തിരുവനന്തപുരം: ടിക്ടോക്കിലെ മിന്നും താരത്തിന് ജില്ലാകലോത്സവ മിമിക്രി വേദിയിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം.
ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിലാണ് നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആർദ്ര സാജൻ ഒന്നാമതെത്തിയത്. വാദ്യോപകരണങ്ങളുടെ ശബ്ദം അനുകരിക്കുന്ന ബീറ്റ് ബോക്സ് എന്ന ശബ്ദവിദ്യയാണ് ആർദ്ര അവതരിപ്പിച്ചത്. യൂ ട്യൂബിൽ ബീറ്റ് ബോക്സിംഗ് വീഡിയോകൾ കണ്ടാണ് ഇത് പഠിച്ചതെന്ന് ആർദ്ര പറഞ്ഞു. ടിക്ടോക്കിലും ആർദ്ര ചെയ്യുന്ന വീഡിയോകൾ വൈറലാണ്. ജയ് ഹോ എന്ന പാട്ടിന്റെ ടിക്ടോക് ആവിഷ്‌കാരത്തിന് നാലര ലക്ഷത്തിലധികം ലൈക്ക് കിട്ടിയിരുന്നു. ഗായകൻ വിധു പ്രതാപിന്റെ ഒരു പാട്ടിനായും ബീറ്റ് ബോക്സ് ശബ്ദവിദ്യ ആർദ്ര അവതരിപ്പിച്ചിരുന്നു. മിമിക്രിയിൽ സമകാലിക സംഭവങ്ങൾ കൂട്ടിച്ചേർക്കാൻ ശ്രമിക്കാറുണ്ട് ആർദ്ര. മൂന്നാം തവണയാണ് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. അച്ഛൻ സാജൻ. അമ്മ ദീപ.