വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് സഹ്യപർവത അടിവാരത്ത് പ്രകൃതി ഭംഗി ടൂറിസ്റ്റുകൾക്ക് വേണ്ടുവോളം പകർന്നുനൽകാൻ ആരംഭിച്ച പ്ളാങ്കുടിക്കാവ് ഇക്കോടൂറിസം പദ്ധതി ഇപ്പോൾ അധികൃതരുടെ ഉദാസീനതകാരണം എങ്ങുമെത്താതെ കിടക്കുകയാണ്.
തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസ്റ്റുകളെ ആകർഷിച്ച് മലയോരത്ത് ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് ഗ്രാമപഞ്ചായത്ത് പണികൾ തുടങ്ങിയത്. സ്ഥലം എം. എൽ. എ സി.കെ. ഹരീന്ദ്രൻ ടൂറിസം പദ്ധതിയെ തീർത്ഥാടന ടൂറിസത്തിൽ ഉൾപ്പെടുത്താൻ സർക്കാരിൽ വേണ്ട സമ്മർദ്ദം ചെലുത്തുകയും ചെയ്തു. എന്നാൽ സർക്കാർ ലീസിന് നൽകിയ നടപടി പിൻവലിച്ചാൽ മാത്രമേ സർക്കാർ പുറംപോക്ക് ഇനി ടൂറിസം പദ്ധതിക്ക് ലഭിക്കുകയുള്ളു. പ്രകൃതിക്ക് ഏതൊരുവിധ കോട്ടവും തട്ടാതെ കന്യാകുമാരിയും തൃപ്പരപ്പും കണ്ട് നെയ്യാർഡാമിലേക്ക് പോകുന്ന ടുറിസ്റ്റുകൾക്ക് മലയോര ഭംഗി വേണ്ടോളം ആസ്വദിക്കാൻ പ്ളാങ്കുടിക്കാവ് ഇക്കോടൂറിസത്തിന് കഴിയുമായിരുന്നു. ഇവിടം സന്ദർശിച്ചശേഷം നെയ്യാർ ഡാമിലേക്കും പൊൻമുടിയിലേക്കും എത്താൻ എളുപ്പത്തിൽ കഴിയും.
ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ ഒരുക്കാനാണ് ആദ്യ പണികൾ തുടങ്ങിയത്. പണി തുടങ്ങി ഏതാനും ദിവസം കഴിയും മുൻപ് പദ്ധതി തുടങ്ങിയ സ്ഥലം സ്വകാര്യ വ്യക്തി പാറ ഖനനത്തിനായി സർക്കാരിൽ നിന്നും ലീസിന് എടുത്തതാണെന്നും ഇവിടെ നിർമ്മാണം നടത്താൻ കഴിയില്ലെന്നും വാദം ഉയർന്നു. ഇതിനിടയിൽ സ്വകാര്യ വ്യക്തി നിർമ്മാണങ്ങൾക്കെതിരെ സ്റ്റേയുമായി രംഗത്ത് എത്തി. ഇതിടനിടയിൽ സ്ഥലം എം. എൽ. എ യും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും പദ്ധതിനടപ്പിലാക്കാൻ സർക്കാരിന്റെ സഹായം തേടിയെങ്കിലും വർഷം ഒന്നു കഴിഞ്ഞിട്ടും ഇതുവരെയും ഒന്നും നടന്നില്ല.
ആദ്യ പത്തുലക്ഷത്തിനു പുറമെ വീണ്ടും ഗ്രാമപഞ്ചായത്ത് ടൂറിസം പദ്ധതിക്ക് പത്തുലക്ഷം രൂപ കൂടെ അധികമായി അനുവദിച്ചു. എന്നാൽ സർക്കാരിൽ നിന്നും റവന്യു വകുപ്പിൽ നിന്നും ഉചിതമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് രണ്ടാമത് അനുവദിച്ച തുക വകമാറ്റി. ആദ്യത്തെ 10 ലക്ഷത്തിൽ നിന്നും രണ്ടുലക്ഷം രൂപ പണികൾ ചെയ്തതിന് കരാറുകാരന് പാർട്ട് ബില്ലായി നൽകി. നിലവിൽ പദ്ധതിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്ത അവസ്ഥയാണ്.