maruthinvilakam

വക്കം: വക്കം മരുതിൻ വിളാകം - കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. വക്കം നിവാസികൾക്ക് റെയിൽവേ സ്റ്റേഷനിലെത്താനുള്ള ഏക റോഡാണിത്. റെയിൽവേയുടെ കൈവശമുള്ള റോഡിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും അനുവദിച്ചിട്ടില്ല. അറ്റകുറ്റപ്പണികൾക്ക് റെയിൽവേ മുൻകൂർ അനുമതി വേണം. വക്കം ഗ്രാമ പഞ്ചായത്ത് ഇതിനായി നിരവധി തവണ നീക്കം നടത്തിയെങ്കിലും ബന്ധപ്പെട്ടവർ പ്രതികരിച്ചിട്ടില്ല. റോഡ് വിട്ട് കിട്ടണമെന്ന വക്കം ഗ്രാമ പഞ്ചായത്തിന്റെ ശ്രമങ്ങൾ നടത്തിയെങ്കിലും ഇനിയും ഫലം കണ്ടെത്താനായില്ല. 2008 ൽ ആനത്തലവട്ടം ആനന്ദന്റെ എം.എൽഎ വികസന ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചതല്ലാതെ പിന്നീട് യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടില്ല. ഒരു കിലോമീറ്ററോളം ദൂരമുള്ള ഈ റോഡിൽ വഴിവിളക്കുകൾ പോലുമില്ല. രാത്രിയിൽ ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർ ഇത് വഴി പോകുമ്പോൾ പിടിച്ചുപറിയും, ആക്രമണങ്ങളും നടക്കുന്നതായും നിരവധി പരാതിയുണ്ട്. റോഡിനിരുവശങ്ങളിലേ കുറ്റിക്കാടുകൾ പകൽ സമയങ്ങളിൽ പോലും ഭീതി പരത്തുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ഇരുചക്രവാഹനാപകടങ്ങളും നിത്യസംഭവമാണ്.