1

കാഞ്ഞിരംകുളം: കേരളകൗമുദി ബോധപൗർണമി ക്ലബും എക്സൈസ്, ജനമൈത്രി പൊലീസും സംയുക്തമായി കാഞ്ഞിരംകുളം മൗണ്ട് കർമ്മൽ റസിഡൻഷ്യൽ സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ശാന്താറാം (റിട്ട്:ഐ.എ.എസ്) ഉദ്ഘാടനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരളകൗമുദി നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രശംസനീയമാണ്. അത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നു, തന്റെ കുട്ടിക്കാലം മുതൽ തന്നെ കേരള കൗമുദി ദിനപത്രം വായിച്ചു വളരാൻ ഭാഗ്യം സിദ്ധിച്ച ഒരാളാണെന്നുമുള്ള തന്റെ ഓർമ്മകളും അദ്ദേഹം കുട്ടികളോട് പങ്കുവച്ചു. സ്കൂൾ ചെയർമാൻ ജെ. വിൻസെന്റ് അദ്ധ്യക്ഷനായി. തിരുപുറം എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ, തിരുവനന്തപുരം സബ് ഇൻസ്പെക്ടർ നജ്മുദ്ദീൻ, കേരളകൗമുദി അസ്സിസ്റ്റന്റ് സർക്കുലേഷൻ മാനേജർ കല. എസ്.ഡി, സ്കൂൾ മാനേജർ ശാന്തകുമാരി, പ്രിൻസിപ്പാൾ സ്മിതാ മോൾ തുടങ്ങിയവർ സംസാരിച്ചു. സെമിനാറിനോടനുബന്ധിച്ച് സബ് ഇൻസ്പെക്ടർ നജ്മുദ്ദീൻ നേതൃത്വം നൽകി. ജനമൈത്രി പൊലീസ് അവതരിപ്പിച്ച 'പാഠം - 1 ഒരു മദ്യപാനിയുടെ ആന്മകഥ' എന്ന ലഘു നാടകവും നടന്നു.