വെമ്പായം: മാണിക്കൽ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുണ്ടെന്നും, തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നെന്നും ആരോപിച്ച് കോലിയക്കോട്, തലയൽ, തീപ്പുകൾ,ചിറത്തലക്കൽ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും മാണിക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചില വാർഡുകളിൽ മാത്രം തൊഴിൽ നൽകുകയും 'സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ പുതിയ തൊഴിൽ ദിനങ്ങൾ നിഷേധിക്കുകയും ചെയ്തായി പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. പഞ്ചായത്ത് അംഗങ്ങളായ കോലിയക്കോട് മഹേന്ദ്രൻ, പള്ളിക്കൽ നസീർ, തലയൽ ഗോപൻ, ജാസ്മിൻ ഇല്യാസ്, ശരണ്യ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. സംഭവമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ ബി. ജയന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി ഇരുവിഭാഗങ്ങളുമായി സംസാരിച്ചു. തുടർന്ന് ഏഴു ദിവസത്തിനകം എല്ലാ തൊഴിലാളികൾക്കും അർഹതപ്പെട്ട തൊഴിൽ നൽകുമെന്ന് സെക്രട്ടറി ജനപ്രതിനിധികൾക്ക് രേഖാമൂലം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.