തിരുവനന്തപുരം: തെരുവുഗായികയിൽ നിന്ന് സെലിബ്രിറ്റിയായി മാറിയ റാണു മണ്ഡലിന്റെ അതിജീവനത്തിന്റെ സംഗീതയാത്രയെ കലോത്സവ വേദിയിൽ പുനരാവിഷ്കരിച്ചു. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോണോ ആക്ടിൽ കന്യാകുളങ്ങര ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അസിയ ഫാത്തിമയാണ് റാണു മണ്ഡലിനെ വേദിയിലെത്തിച്ചത്. റെയിൽവേ സ്റ്റേഷനിൽ വിശന്നുവലഞ്ഞപ്പോൾ,​ പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ വിഖ്യാത ഗാനമായ 'പ്യാർ ക നജ്മാ ഹേ' പാടുന്നതോടെയാണ് മോണോ ആക്ട് ആരംഭിക്കുന്നത്. തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ അവർ വൈറലാകുന്നതും പിന്നീട് സ്റ്റുഡിയോയിൽ പാടുന്നതും ചാല ഡി.ഡി.ഇ ഓഫീസിലെ സദസ് അക്ഷരാർത്ഥത്തിൽ നേരിൽ കാണുകയായിരുന്നു. ഒടുവിൽ അമ്മയുടെ പ്രശസ്തി അറിഞ്ഞ് മുമ്പ് തന്നെ വിട്ടുപോയ മകൾ തിരിച്ചെത്തുന്നതും അസിയയിലൂടെ മിന്നിമറഞ്ഞു. കഴിഞ്ഞ വർഷവും ജില്ലയിൽ അസിയ മോണോ ആക്ടിൽ ഒന്നാമതെത്തിയിരുന്നു. സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയിരുന്നു.