തിരുവനന്തപുരം: ചവിട്ടുനാടകം നടക്കുന്നതിനിടെ വേദിയിൽ നിന്ന് താഴേക്ക് വീണ് രണ്ട് മത്സരാർത്ഥികൾക്ക് പരിക്കേറ്റു. കാർമ്മൽ സ്‌കൂളിലെ സഫാന, കാവ്യ എന്നിവർക്കാണ് പരിക്കേറ്റത്. ചാല ബോയ്സ് സ്‌കൂളിലെ പ്രധാനവേദിയിൽ ഇന്നലെ നടന്ന ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകത്തിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. മത്സരം പകുതിയോടടുത്തപ്പോൾ അടുത്ത സ്റ്റെപ്പിനുള്ള തയ്യാറെടുപ്പിനായി വേദിയുടെ വശത്തേക്ക് നീങ്ങി നിന്ന സഫാന കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ആദ്യമൊന്ന് പകച്ചെങ്കിലും മറ്റ് വിദ്യാർത്ഥിനികൾ ചുവടുകൾ പിഴയ്ക്കാതെ അഭിനയം തുടർന്നു. അല്പസമയത്തിന് ശേഷം നാടകത്തിലെ പ്രധാനവേഷമായ രാജാവിനെ അവതരിപ്പിച്ച കാവ്യയും സമാനമായ രീതിയിൽ താഴേക്ക് വീണു. പിടഞ്ഞെഴുന്നേറ്റ കാവ്യ തിരികെ വേദിയിലേക്ക് ഓടിക്കയറി മത്സരം പൂർത്തിയാക്കി. പിന്നാലെ കാവ്യ തളർന്നുവീഴുകയും ചെയ്തു. വേദിയിലെ സുരക്ഷാ പാളിച്ചകൾ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയതോടെ മത്സരം നിറുത്തിവയ്ക്കുകയും പിന്നീട് ബെഞ്ചുകൾ കൊണ്ട് കൈവരികൾ ശരിയാക്കുകയും പ്ലാറ്റ്‌ഫോമിലെ അപാകതകൾ പരിഹരിക്കുകയും ചെയ്ത ശേഷമാണ് മത്സരം പുനരാരംഭിച്ചത്. രണ്ടാം വേദിയിൽ നിശ്ചയിച്ചിരുന്ന മത്സരം സ്ഥലപരിമിതി മൂലം അവസാനനിമിഷമാണ് പ്രധാന വേദിയിലേക്ക് മാറ്റിയത്.

നേരിയ പ്രതിഷേധം

അപകടസാദ്ധ്യത കണക്കിലെടുത്ത് വേദിയുടെ വശങ്ങളിൽ സാധാരണ കൈവരി തീർത്ത് സുരക്ഷ ഉറപ്പുവരുത്താറുണ്ട്. എന്നാൽ ഇക്കുറി കൈവരി ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ വേദിക്ക് സമീപം ആംബുലൻസുമുണ്ടായിരുന്നില്ല. രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് എത്തുകയും പൊലീസ് വാഹനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിഷേധവുമായി രക്ഷിതാക്കൾ സംഘടിച്ചതോടെ ഇവർക്കുവേണ്ടി മത്സരം വീണ്ടും നടത്താമെന്നായി സംഘാടകർ. എന്നാൽ കളിച്ചു ക്ഷീണിച്ച വിദ്യാർത്ഥികൾക്ക് വീണ്ടും സ്‌റ്റേജിൽ കയറാനുള്ള അവസ്ഥയുണ്ടായിരുന്നില്ല.