നെയ്യാറ്റിൻകര : ധനുവച്ചപുരം ഐ.ടി.ഐയിലേക്ക് പോയ ട്രാൻസ്‌പോർട്ട് ബസിൽ നിന്നു ചില ആൺകുട്ടികളെ കണ്ടക്ടർ യാത്രാമദ്ധ്യേ ഇറക്കിവിടാൻ ശ്രമിച്ചത് ട്രാൻസ്‌പോർട്ട് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള സംഘട്ടനത്തിൽ കലാശിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെ നെയ്യാറ്റിൻകരയിൽ നിന്നു പുറപ്പെട്ട വെള്ളറട ധനുവച്ചപുരം ബസിൽ യാത്രചെയ്ത ചില ആൺകുട്ടികളെ കണ്ടക്ടർ ബസ് നിറുത്തിയ ശേഷം ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് വിദ്യാർത്ഥികളും കണ്ടക്ടറും ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഡിപ്പോയിൽ നിന്നു കൺട്രോളിംഗ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ സ്ഥലത്തെത്തി. സംസാരത്തിനൊടുവിൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളും അടിപിടിയുമായി. തുടർന്ന് ബസ് റോഡരികിലേക്ക് ഒതുക്കിയിട്ട ശേഷം ഡ്രൈവറും കണ്ടക്ടറും ഡിപ്പോയിലേക്ക് മടങ്ങിപ്പോയി. തങ്ങളെ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികളും ഡിപ്പോയിലെത്തി ബഹളംവച്ചു. ഇതിനിടെ വിദ്യാർത്ഥികളിൽ ചിലരെ ജീവനക്കാർ അകത്തേക്ക് പിടിച്ചു കൊണ്ടുപോയി മർദ്ദിച്ചത് സംഘർഷം രൂക്ഷമാക്കി.
ഇതോടെ ഐ.ടി.ഐയിൽ നിന്നു കൂടുതൽ വിദ്യാർത്ഥികളെത്തി ഡിപ്പോയ്ക്കുള്ളിൽ നടത്തിയ ആക്രമണത്തിൽ ശുദ്ധജലം സൂക്ഷിച്ചിരുന്ന കാനും ടേബിളും തകർത്തു. പൊലീസ് എത്തിയതോടെ സംഘർഷം അവസാനിച്ചു. ആദ്യം വനിതാ പൊലീസ് മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസെത്തി ഏഴ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘട്ടനത്തിൽ ഏഴ് വിദ്യാർത്ഥികൾക്കും നാല് ജീവനക്കാർക്കും പരിക്കേറ്റു. കൺട്രോളിംഗ് ഇൻസ്പെക്ടർ സുകു, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ സതീഷ് കുമാർ, സാംകുട്ടി, കെ.വി. രാജൻ എന്നിവരെ പരിക്കുകളോടെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഐ.ടി.ഐ വിദ്യാർത്ഥികളായ അഭിനവ്, നിഖിൽ, മുഹമ്മദ് എന്നിവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വിദ്യാർത്ഥികളെ നെയ്യാറ്റിൻകര പൊലീസ് അത്യാഹിത വിഭാഗത്തിൽ നിന്നു ചോദ്യംചെയ്യാൻ ബലമായി പിടിച്ചുകൊണ്ടു പോയെന്നും രക്ഷിതാക്കൾ പറയുന്നു.