pinarayi-vijayan

തിരുവനന്തപുരം:നവോത്ഥാന ചിന്തയിൽ നിന്ന് മാറി നിലപാട് സ്വീകരിക്കുന്നതിന് എതിരെ സമൂഹത്തിൽ ശക്തമായ ഇടപെടൽ ആവശ്യമായിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരിയായ കാര്യങ്ങൾ ജനങ്ങളിലേക്ക് ശരിയായ രീതിയിൽ എത്തിക്കാൻ കഴിയണം.നമ്മൾ ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രചാരകരായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ഗോവിന്ദപ്പിള്ളയുടെ സ്മരണയ്ക്കായി രൂപീകരിച്ച പി.ജി.സംസ്കൃതി കേന്ദ്രത്തിന്റെ ഉദ്ഘാടനം അയ്യൻകാളി ഹാളിൽ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി

.നവോത്ഥാനം ശക്തിപ്പെട്ടു വന്ന ഘട്ടത്തിൽ, തങ്ങൾ ജാതിയുടെ പേരിൽ അറിയപ്പെടേണ്ടതില്ലെന്ന് പലരും നിലപാടെടുത്തു. പക്ഷേ, പുതിയ തലമുറ ചിന്തിക്കുന്നത് അവരുടെ കുഞ്ഞുങ്ങൾ ജാതിയുടെ പേരിൽ അറിയപ്പെടട്ടെ എന്നാണ്. ഈ മാറ്റം നിസാരമായി കാണാനാവില്ല.നവോത്ഥാന മൂല്യങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ശ്രമം എന്നുമുണ്ടായിട്ടുണ്ട്. വലിയ തടസമുണ്ടാക്കാൻ അത്തരം ശക്തികൾക്ക് കഴിയാഞ്ഞതിനാലാണ് സമൂഹത്തിൽ നവോത്ഥാനം വലിയ സ്വാധീനമുണ്ടാക്കിയത്. അത് തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം- മുഖ്യമന്ത്രി പറഞ്ഞു.

എന്നും പ്രത്യയശാസ്ത്ര സ്ഥൈര്യം കാട്ടിയ വ്യക്തിയായിരുന്നു പി.ഗോവിന്ദപ്പിള്ള.ഏത് വാഗ്വാദങ്ങളിലും സ്വന്തം വാദം സ്ഥാപിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ചിന്തകൻ, എഴുത്തുകാരൻ, മാർക്സിസ്റ്റ് സൈദ്ധാന്തികൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ തുടങ്ങി പലതുമായിരുന്നെങ്കിലും കമ്യൂണിസ്റ്റ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. പാർട്ടിക്ക് കീഴ്പ്പെട്ടു പോകുന്ന നിലപാട് സ്വീകരിച്ചത് അദ്ദേഹത്തിന്റെ മഹിമയാണ് വ്യക്തമാക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.

പി.ജി.സംസ്കൃതി കേന്ദ്രം ചെയർമാൻ കെ.എൻ.പണിക്കർ അദ്ധ്യക്ഷത വഹിച്ചു.പി.ജി.യുടെ ഗ്രന്ഥസമാഹാരമായ 'നവോത്ഥാന കേരളം 'മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഡോ.രാജൻ കുരുക്കൾ പുസ്തകം ഏറ്റുവാങ്ങി. ഡോ.തോമസ് ഐസക്ക്, സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി എം.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ആനാവൂർ നാഗപ്പൻ സ്വാഗതം പറഞ്ഞു.