vyapari

വിതുര: പൊൻമുടി-തിരുവനന്തപരും സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനായ വിതുരയും പരിസരവും സി.സി.ടി.വി കാമറകളുടെ നിയന്ത്രണത്തിലായി. വിതുര മേഖലയിൽ വർദ്ധിച്ചുവരുന്ന മോഷണവും സാമൂഹിക വിരുദ്ധശല്യവും കുറ്റകൃത്യങ്ങളും ലഹരിപദാർത്ഥങ്ങളുടെ വില്പനയും മാലിന്യനിക്ഷേപവും അപകടമരണങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് യോഗം ചേർന്ന് പ്രധാന ജംഗ്ഷനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചത്.

ഒാപ്പറേഷൻ കാവൽക്കണ്ണുകളുടെ ഉദ്ഘാടനം വിതുര മാർക്കറ്റ് ജംഗ്ഷനിൽ കൂടിയ പൊതുസമ്മേളനത്തിൽ കെ.എസ്. ശബരിനാഥൻ എം.എൽ.എ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് ജെ. മാടസ്വാമിപിള്ള അദ്ധ്യക്ഷത വഹിച്ചു. ഏകോപനസമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു കർഷകരെ ആദരിച്ചു. എം.ബി.ബി.എസിന് അർഹത നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ആദരിച്ചു. ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ റാങ്ക് ജേതാക്കളെ ആദരിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ജെ. വേലപ്പൻ, വിതുര പഞ്ചായത്തംഗം ജി.ഡി.ഷിബുരാജ്, വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളി, ഏകോപനസമിതി വിതുര യൂണിറ്റ് സെക്രട്ടറി എ.ആർ. സജീദ്, ട്രഷറർ എം.എസ്. രാജേന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്, ആർ.കെ. ഷിബു, പി. ശ്രീകണ്ഠൻനായർ, സി. മനോഹരൻ, ഇൗഞ്ചപ്പുരി മുഹമ്മദ്റാഫി, ജി. ബാലചന്ദ്രൻനായർ, സുന്ദരേശൻനായർ, വി.എൻ. സജി, എൻ. ഷിഹാബുദ്ദീൻ, സുരേന്ദ്രകുറുപ്പ്, ആർ. കമലാസനൻനായർ, ബിജുകുമാർതിങ്കൾ, നിസാറുദ്ദീൻ, പി.എ. റഷീദ്, വിതുര റഷീദ്, അനിൽവിതുര എന്നിവർ പങ്കെടുത്തു.