ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ 90 ശതമാനം തെരുവു വിളക്കുകളും കണ്ണടച്ചിട്ട് മാസം ഒന്ന് കഴിയുന്നു. ദേശീയപാതയിൽ മാത്രമല്ല ഇടറോഡുകളിലെയും വിളക്കുകൾ കത്തുന്നില്ല. ഇതുസംബന്ധിച്ച് കൗൺസിലർമാരോട് ആരായുമ്പോൾ ഫണ്ടില്ല എന്ന സ്ഥിരം പല്ലവിയും കെ.എസ്.ഇ.ബിയെ കുറ്റപ്പെടുത്തലും തന്നെയാണ് ആവർത്തിക്കുന്നത്. നിരവധി പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പലകാര്യത്തിലും മാതൃകാ നഗരമെന്ന് കേരളം വാഴ്ത്തുന്ന ആറ്റിങ്ങലിന്റെ അവസ്ഥയാണിത്.
ദേശീയപാതയിൽ തെരുവ് വിളക്കുകൾ കത്താത്തതുകാരണം അപകടങ്ങൾ പെരുകുകയാണ്. റോഡിന്റെ വശങ്ങൾ കാണാനാവാതെ വരുന്നതാണ് അപകടം വർദ്ധിപ്പിക്കുന്നതെന്നാണ് ഡ്രൈവർമാർ പറയുന്നത്.
മാത്രമല്ല സാമൂഹ്യവിരുദ്ധന്മാരുടെ താവളമാണ് ഇപ്പോൾ നഗരത്തിലെ പല ഇടറോഡുകളും. മദ്യാപനമുൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളാണ് തെരുവു വിളക്കില്ലാത്ത റോഡരികിൽ നടക്കുന്നത്.
സന്ധ്യമയങ്ങിയാൽ തെരുവു നായ്ക്കൾ റോഡ് കൈയടക്കുക പതിവായിരിക്കുകയാണ്. തെരുവു നായ്ക്കൾ ഇരുളിന്റെ മറവിൽ നിന്ന് എടുത്തു ചാടി ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. നിരവധിപേർ ഇപ്പോൾ പേവിഷബാധയ്ക്കെതിരേ കുത്തിവയ്പ്പ് നടത്തി വരികയാണ്. ജോലി കഴിഞ്ഞ് ജംഗ്ഷനുകളിൽ ബസിറങ്ങി ഇടറോഡുകളിലൂടെ കാൽനടയായി പോകുന്ന യാത്രക്കാർക്ക് തെരുവു വിളക്കുകൾ ആശ്വാസമായിരുന്നു. സ്ത്രീകൾക്കായിരുന്നു കൂടുതൽ ആശ്വാസം. ഇന്ന് വീട്ടിലുള്ള പുരുഷന്മാർ ജംഗ്ഷനിൽ കാത്തുനിന്ന് കൊണ്ടു പോകേണ്ട അവസ്ഥയാണ്. അങ്ങനെ കൊണ്ടു പോകാൻ സ്ഥലത്ത് ആളുകളില്ലാത്തവർ വളരെ ഭയന്ന് ഇരുട്ടിൽ തപ്പിതടഞ്ഞാണ് വീടുകളിൽ എത്തുന്നത്.