ri

തിരുവനന്തപുരം: മൊട്ടിന്റെ സ്വപ്നം എന്ന വിഷയം മുൻനിറുത്തി 'കനത്ത കിനാവുകൾ' എന്ന കവിതയിലൂടെ കുഞ്ഞുമനസിന്റെ ആശങ്കകൾ കവിതയാക്കിയ തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഋതുപർണ .പി.എസ് യു.പി വിഭാഗം കവിതാ രചനയിൽ ഒന്നാമതെത്തി.

'കണ്ടൂ കിനാവുകൾ, രാത്രിയിലല്ല
ജീവിതയാത്രയിൽ'' എന്നു തുടങ്ങുന്ന കവിതയിൽ ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയെപ്പറ്റിയുള്ള ശക്തമായ നിരീക്ഷണങ്ങളുണ്ട്. ആമസോൺ കാട് മുതൽ ഗാന്ധിജിയും അയോദ്ധ്യയും വരെ പരാമർശിച്ച് പോകുന്നതാണ് കവിത.
''സർദാർ സരോവറിൽ ഉയരുന്ന ശിലയ്ക്കാവുമോ പട്ടിണി കെടുത്തുവാൻ'' എന്നാണ് കൊച്ചു കവയിത്രി ചോദിക്കുന്നത്. ''വൈഗയുടെ തീരത്തടിയുന്നു ചോരപുരണ്ട പെൺചേലകൾ
സൂര്യനെല്ലിയിൽ, വാളയാറിൽ ഉയരുന്നൂ അമ്മതൻ നിലവിളികൾ'' തുടങ്ങി ശക്തമായ സാമൂഹിക വിമർശനം കവിത മുന്നോട്ട് വയ്ക്കുന്നു.

അമ്മ മനസ് എന്ന വിഷയത്തിൽ, 'ഇരുട്ടിന്റെ നിഴലിച്ച തേങ്ങലുകൾ" എന്ന കഥയെഴുതി കഥയെഴുത്തിലും ഋതുപർണ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. സാഹിത്യ മത്സരങ്ങളിലും കവിത ചൊല്ലലിലും നിരവധി സമ്മാനങ്ങൾ നേടിയ ഈ കൊച്ചു മിടുക്കി തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായ സന്തോഷ്‌ തോന്നയ്ക്കലിന്റെയും പ്രിയയുടെയും മകളാണ്.