ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ വീശിയടിച്ച കാറ്റിലും മഴയിലും ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ അക്കേഷ്യ മരം കടപുഴകി പ്ലംബർ, കാർപെന്റർ പ്രാക്ടിക്കൽ ക്ലാസുകൾക്ക് മുകളിലൂടെ വീണ് രണ്ട് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റു. ആരോമൽ, അപർണ എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. ഐ.ടി.ഐ ഫാർമസിയിലെ പ്രഥമശുശ്രൂഷകൾക്ക് ശേഷം ഇവരെ വലിയകുന്ന് ഗവ. ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സകൾക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു. മരം വീണതിനെത്തുടർന്ന് രണ്ട് ക്ലാസ് റൂമുകൾ ഭാഗികമായി തകർന്നു. അടുത്ത ആഴ്ച നടക്കുന്ന ജില്ലാതല സ്കിൽ കോമ്പറ്റീഷനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ സംഭവിച്ച ദുരന്തം ഈ രണ്ട് ട്രേഡുകളിൽ നടത്തേണ്ട മത്സരങ്ങളെ അനിശ്ചിതത്വത്തിലാക്കിയെന്ന് അധികൃതർ പറഞ്ഞു.