തിരുവനന്തപുരം: ഹൈസ്‌കൂൾ വിഭാഗം നാടകമത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയും മികച്ച നടിയായി മടവൂർ എൻ.എസ്.എസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവിക തിരഞ്ഞെടുക്കപ്പെട്ടു. ഓട്ടം എന്ന നാടകത്തിലെ ഉഷാറാണി എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിച്ചത്. നാടകത്തിൽ മാത്രമല്ല, കവിതയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ദേവിക. മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കള്ളി പുറത്തായി, സിറിഞ്ച് കുട്ടപ്പൻ, അണ്ണാനൊത്ത് കളിക്കാം തുടങ്ങിയവയാണ് പുസ്തകങ്ങൾ. മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗത്തിലും ഹൈസ്‌കൂൾ വിഭാഗത്തിലും രണ്ടു പ്രാവശ്യം ദേവിക മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോണോ ആക്ടിലും പങ്കെടുക്കാറുണ്ട്. സംവിധായകനായ അച്ഛൻ അനന്തസൂര്യ ശ്രീകൃഷ്ണയാണ് മോണോ ആക്ട് പഠിപ്പിക്കുന്നത്. അച്ഛൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലും ദേവിക അഭിനയിക്കുന്നുണ്ട്. അംബികയാണ് അമ്മ.