photo

നെടുമങ്ങാട്: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ മികവിന്റെ കേന്ദ്രമാവുന്നു. പ്രൊജക്ട്റ്റർ / പി.എ സിസ്റ്റംസ് സൗകര്യങ്ങളോടെ ബാക്ക് റസ്റ്റ് ബെഞ്ചുകൾ ഉളള 6 ക്ലാസ് മുറികൾ, പ്രാക്ടിക്കൽ മുറികൾ, ഐ.ടി ലാബ്, ഡ്രോയിംഗ് ഹാൾ, സെമിനാർ ഹാൾ, സ്വീകരണമുറി, സ്റ്റോർ മുറി, സ്റ്റാഫ് റൂമുകൾ, ഓഫീസ് റൂം, ടോയ്ലെറ്റ്, കുട്ടികൾക്ക് 2 ചേഞ്ചിംഗ് റൂമുകൾ എന്നിങ്ങനെ 2459 സ്ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം 28ന് ഉച്ചയ്ക്ക് 2ന് മന്ത്രി ഡോ.കെ.ടി. ജലീൽ നിർവഹിക്കും. സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയാവും. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർപേഴ്സൺ ഡി. ലേഖാ വിക്രമൻ തുടങ്ങിയവർ പങ്കെടുക്കും.7 ആം ക്ലാസ് വിജയിച്ച 120 കുട്ടികൾക്ക് പ്രവേശന പരീക്ഷയിലൂടെ ഓരോ വർഷവും സാങ്കേതിക വിദ്യാഭ്യാസം നേടാനുളള അവസരമാണ് ഈ വിദ്യാലയത്തിലുള്ളത്. പ്ലാൻ ഫണ്ട് പൂർണമായും വിനിയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനായി സ്കോളർ സപ്പോട്ട് സ്കീം കുട്ടികൾക്ക് ലഭ്യമാണ്.

ടി.എച്ച്.എസ്.എൽ.സി യോഗ്യത ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി പരിഗണിച്ച് കേരള പി.എസ്.സി വഴി ഗവ. എഞ്ചിനീയറിംഗ് കോളേജുകൾ, ഗവ. പോളിടെക്നിക്ക് കോളേജുകൾ, ഐ.ടി.ഐകൾ, ടെക്നിക്കൽ സ്കൂളുകൾ, പി.ഡബ്‌ള്യു.ഡി തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചവർ ഏറെയെന്ന് മുൻ സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥി കൂടിയായ സ്കൂൾ സൂപ്രണ്ട് ഡി. ഗോപൻ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ് ടെക്നിക്കൽ സ്‌കൂളിലെ പ്രധാന സവിശേഷത. സ്കൂൾ തല മത്സര ശേഷം സംസ്ഥാന തലത്തിൽ മത്സരിക്കാൻ സാധിക്കുന്നതിനാൽ 30 മാർക്ക് വരെ ഗ്രേസ് മാർക്കായി എളുപ്പത്തിൽ ലഭിക്കും.