ddd

നെയ്യാ​റ്റിൻകര: വ്യാജ രേഖയിലൂടെ പ്രാെമോഷൻ തരപ്പെടുത്തിയതിന് പൊലീസ് അറസ്​റ്റു ചെയ്ത സർക്കാർ ഉദ്യോഗസ്ഥനെ കോടതി റിമാന്റു ചെയ്തു. ചരക്ക് സേവന നികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ കെ.രവിയാണ് (46) പിടിയിലായത്. പ്രോമോഷൻ ലഭിക്കുന്നതിനുള്ള ഡിപ്പാർട്ട്മെന്റ് ടെസ്​റ്റ് ജയിച്ചതായി വ്യാജമായി സർവീസ് ബുക്കിൽ രേഖപ്പെടുത്തുകയായിരുന്നു ഇയാൾ. വ്യാജരേഖ ഉണ്ടാക്കി പ്രൊമോഷൻ തരപ്പെടുത്തുമ്പോൾ രവി അമരവിള ചരക്ക് സേവന നികുതി വകുപ്പിലെ ജീവനക്കാരനായിരുന്നു. വകുപ്പ് ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അധികൃതർ പിന്നീട് രേഖകൾ ഒത്തു നോക്കിയിരുന്നു. സെക്‌ഷൻ ക്ലാർക്കായിരുന്നു ഇദ്ദേഹം. ജൂനിയർ സൂപ്രണ്ടിന്റെ ഗ്രേഡുള്ള സെയിൽടാക്സ് ഇൻസ്‌പെക്ടർ തസ്തികയിലേക്കുള്ള പ്രോമോഷനാണ് തിരിമറിയിലൂടെ നേടിയത്. വിളപ്പിൽ കുണ്ടമൺകടവ് കാക്കുളം ചരിവുവിള വീട്ടിൽ രവിക്ക് ഇപ്പോൾ ഇടുക്കിയിലാണ് ജോലി. അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാ​റ്റിൻകര സി.ഐ ജെ.പ്രദീപ് ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാമം സന്നിധാനപ്പടി പ്ലാന്തോട്ടത്തിലെ വാടകവീട്ടിൽ നിന്ന് വ്യാഴാഴ്ച ഇയാളെ കസ്​റ്റഡിയിലെടുത്തിരുന്നു.