തിരുവനന്തപുരം: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കഴക്കൂട്ടം ചന്തവിളയ്ക്ക് സമീപം നൗഫിൻ മൻസിലിൽ താമസിക്കുന്ന ബീമാപള്ളി സ്വദേശി റഹീസ് ഖാനെ (32) യാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത് .
നേമം സ്റ്റുഡിയോ റോഡ് തത്താരക്കുഴി ലെയ്നിൽ റസിയയെ ദേഹോപദ്രവം ഏൽപ്പിച്ച കേസ് അന്വേഷിക്കാനെത്തിയ നേമം എസ്.ഐയെയും പൊലീസുകാരെയും ആക്രമിച്ച് പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം വരുത്തിയതിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. നൂറോളം മോഷണക്കേസിലെ പ്രതിയായ ഇയാൾ നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. ജില്ലാ ക്രൈം ബ്രാഞ്ച് എ.സി സന്തോഷ് .എം.എസ്, നേമം എസ്.എച്ച്.ഒ ബൈജു എൽ.എസ്. നായർ, എസ്.ഐമാരായ സനോജ്, സുധീഷ്, ഷാഡോ ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.