pinarayi-

തിരുവനന്തപുരം: പത്തു ദിവസത്തെ ജപ്പാൻ, കൊറിയ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതതല സംഘവും പുലർച്ചെ പുറപ്പെട്ടു. വ്യവസായ മന്ത്റി ഇ.പി. ജയരാജൻ, ഗതാഗതമന്ത്റി എ.കെ. ശശീന്ദ്രൻ എന്നിവരും സംഘത്തിലുണ്ട്. വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക സാങ്കേതിക വിജ്ഞാന സഹകരണമാണ് ലക്ഷ്യം.

ഇന്നു മുതൽ 30 വരെ ജപ്പാനിലും ഡിസംബർ ഒന്നു മുതൽ നാലു വരെ കൊറിയയിലുമാണ് പരിപാടികൾ. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരാണ് സംഘത്തിലെ മുറ്റുള്ളവർ.

ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളിൽ മുഖ്യമന്ത്റി പങ്കെടുക്കും. ജാപ്പനീസ് മന്ത്റിമാരുമായും കൂടിക്കാഴ്ചകളുണ്ട്. ഒസാക്ക സർവകലാശാല, ഷൊനാൻ ഗവേഷണ കേന്ദ്രം, സകെമിനാ​റ്റോ തുറമുഖം, സാനിൻ മേഖലയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്നിവ മുഖ്യമന്ത്റി സന്ദർശിക്കും. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജിക്ക), നിസ്സാൻ, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും ഷിമെയ്ൻ ഗവർണറുമായും ചർച്ച നടത്തും. ജപ്പാനിലെ മലയാളി സമൂഹം സംഘടിപ്പിക്കുന്ന യോഗങ്ങളിലും മുഖ്യമന്ത്റി പങ്കെടുക്കും.

കൊറിയയിൽ ട്രേഡ് ഇൻവെസ്​റ്റ്‌മെന്റ് പ്രൊമോഷൻ ഏജൻസിയുമായി ചർച്ച നിശ്ചയിച്ചിട്ടുണ്ട്. അവിടത്തെ ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സുമായി സഹകരിച്ച് 'കേരളത്തിൽ നിക്ഷേപിക്കുക' എന്ന മുദ്രാവാക്യവുമായി സോളിൽ കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകൾ അവതരിപ്പിക്കുന്ന റോഡ് ഷോയും സന്ദർശനത്തിന്റെ ഭാഗമായുണ്ട്. എൽജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവന്മാരുമായി പിണറായി ചർച്ച നടത്തും. കേരളത്തിന്റെ ആയുർവേദം ടൂറിസത്തിന്റെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള ചർച്ചകളുമുണ്ട്. ബുസാനിലെ കൊറിയ മാരിട്ടൈം ആൻഡ് ഓഷ്യൻ യൂണിവേഴ്സി​റ്റി ഉൾപ്പടെയുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും മുഖ്യമന്ത്റി സന്ദർശിക്കും.

അതേസമയം, അമേരിക്കയിലെ ഹൂസ്റ്റണിൽ ചികിത്സയ്ക്കു പോയിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി. എ.കെ.ജി സെന്ററിലെ ഓഫീസിൽ ഇന്നലെ രാവിലെ അദ്ദേഹം എത്തിയെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തില്ല.