കുഴിത്തുറ: കന്യാകുമാരി പുതുക്കടയ്ക്കടുത്ത് ഐരേണ്യപുരം നാഗദേവീ ക്ഷേത്രത്തിലെ 35 അടി ആഴമുള്ള കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് കരയ്ക്കെത്തിച്ചു. ഐരേണ്യപുരം അയണിവിള സ്വദേശി സ്റ്റീഫൻ (34) ആണ് കിണറ്റിൽ വീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ക്ഷേത്രപൂജാരി രാവിലെ പൂജയ്ക്കെത്തിയപ്പോൾ ക്ഷേത്രക്കിണറ്റിൽ നിന്ന് യുവാവിന്റെ നിലവിളികേൾക്കുകയും ഉടൻതന്നെ കുഴിത്തുറ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു. ഫയർഫോഴ്സ് എത്തി യുവാവിനെ കരയ്ക്കെടുത്ത് കുഴിത്തുറ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞതിങ്ങനെ: താൻ വെളുപ്പിന് വീട്ടിൽക്കിടന്ന് ഉറങ്ങുകയായിരുന്നു. അപ്പോൾ മൂന്നു പ്രേതങ്ങൾ തന്നെ കൊല്ലാൻ വരുന്നതായി സ്വപ്നം കണ്ടു. പേടിച്ച് വീട്ടിൽ നിന്നിറങ്ങി ഓടിയപ്പോൾ കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു. കഥ പക്ഷേ പൊലീസ് വിശ്വസിച്ചിട്ടില്ല.
|