നെയ്യാറ്റിൻകര: താലൂക്ക് ഓഫീസിൽ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ നടത്തിയ പരാതി അദാലത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിലെ അപ്രതീക്ഷിത ബസ് സമരത്തെ കുറിച്ചുള്ള പരാതിയുമെത്തി. ഇന്നലെ ധനുവച്ചപുരം ഐ.ടി.ഐ വിദ്യാർത്ഥികളും ഡിപ്പോ ജീവനക്കാരുമായി നടന്ന സംഘർഷത്തെ തുടർന്ന് വഴിയിൽ ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഡിപ്പോയിലെത്തിയതിനെ കുറിച്ചാണ് ഒരു യാത്രക്കാരന്റെ പരാതി. കമുകിൻകോട് മുതൽ അമരവിള വരെ ബസ് വഴിയിൽ ഒതുക്കി നിറുത്തി മിന്നൽപ്പണിമുടക്ക് നടത്തിയതോടെ യാത്രക്കാർ വല്ലാതെ വലഞ്ഞു. കളക്ടർ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറോട് നിർദ്ദേശം നൽകി. ഇന്നലെ സ്വീകരിച്ച 370 പരാതിയിന്മേൽ 340 പരാതി തീർപ്പു കല്പിച്ചു. നെയ്യാറ്റിൻകര തഹസീൽദാർ കെ. മോഹൻകുമാർ, സി.ഐ. പ്രദീപ് കുമാർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.