uzhamalakkal

ഉഴമലയ്ക്കൽ: പഞ്ചായത്തിലെ ചക്രപാണിപുരം 55ാം നമ്പർ അംഗൻവാടി കാടുമൂടി ഇഴ‌ജന്തുക്കളുടെ താവളമായി മാറിയിട്ട് കാലങ്ങളായി. കാട്മൂടിക്കിടക്കുന്ന പരിസരമായതിനാൽ രക്ഷിതാക്കളും ഭീതിയിലാണ്. അംഗൻവാടി പരിസരവും വഴിയും കാട് മൂടിക്കിടക്കുന്നത് പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്. ഉഴമലയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം 2014ലാണ് പുതിയ അംഗൻവാടി പണിതത്. എട്ട് ലക്ഷം രൂപ ചെലവാക്കിയാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഈ തുകയ്ക്ക് തന്നെ ചുറ്റുമതിൽ നിർമ്മിക്കാമായിരുന്നിട്ടും അത് നടന്നില്ല. വയനാട് സുൽത്താൻബത്തേരിയിൽ സ്കൂൾ കുട്ടി പാമ്പ്കടിയേറ്റ് മരിച്ചതോടെ കാടുകയറിക്കിടക്കുന്ന അംഗൻവാടിയിലേക്ക് കുട്ടികളെ വിടാൻ ഭയമാണ്. 25ൽപ്പരം കുട്ടികൾ പഠിക്കുന്ന ഈ അംഗൻവാടിയിൽ കാടുകൾ വെട്ടിത്തളിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്ഥലമായിട്ടുപോലും ഇതേവരെ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തുന്നും നടപടി ഉണ്ടായിട്ടില്ലെന്നു പരാതിയുണ്ട്. അടുത്തകാലത്ത് അംഗൻവാടി പരിസരം വൃത്തിയാക്കി പച്ചക്കറി കൃഷി നടത്തിയെങ്കിലും ശരിയായ പരിപാലനമില്ലാതെ അതും നശിച്ചു. ചുറ്രുമതിൽ ഇല്ലാത്തതുകാരണം സാമൂഹ്യവിരുദ്ധ മദ്യപ ശല്യവും കൂടിയിട്ടുണ്ട്. അംഗൻ വാടിയുടെ പിറകുവശത്ത് മദ്യക്കുപ്പികൾ കിടക്കുന്നതും സ്ഥിരമാണെന്ന് പരിസരവാസികൾ പറയുന്നു. ഈ സ്ഥലത്ത് പൊലീസ് പരിശോധനകൾ ശക്തമാകാത്തതാണ് ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമാകാൻ കാരണം.