p-mohanan

 യു.എ.പി.എ: വിശദീകരണ യോഗങ്ങൾ നടത്തും

തിരുവനന്തപുരം: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന് വിവാദ പ്രസ്താവന നടത്തിയ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ തള്ളിപ്പറയാതെയും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തെറ്റായ വ്യാഖ്യാനമാണ് ചിലർ നടത്തിയതെന്നു വിലയിരുത്തിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്.

മുസ്ലിം സമുദായത്തിനെതിരെ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. തീവ്രവാദം ഏതു നിലയിലാണെങ്കിലും എതിർക്കണമെന്നതാണ് പാർട്ടി നിലപാട്. മുസ്ലിംലീഗ് നടത്തുന്നത് ദുഷ്പ്രചാരണമാണ്. ഇക്കാര്യത്തിൽ മോഹനന്റെ വിശദീകരണം തൃപ്തികരമാണെന്നും യോഗം വിലയിരുത്തി.

അതേസമയം, യു.എ.പി.എ, മാവോയിസ്റ്റ് വേട്ട വിവാദങ്ങളിലുണ്ടായ ആശയക്കുഴപ്പം തീർക്കാൻ സി.പി.എം ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. യു.എ.പി.എ കരിനിയമമാണ്. ഏതു വ്യക്തിയെയും തീവ്രവാദിയെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്ന നിയമഭേദഗതിയെയും ശക്തമായി എതിർത്തത് സി.പി.എമ്മും ഇടതുപക്ഷവുമാണ്.

നിയമം നിലവിൽ വന്നുകഴിഞ്ഞാൽ കേസുകളിൽ ഏത് വകുപ്പെന്ന് തീരുമാനിക്കുന്നത് പൊലീസാണ്. കുറച്ചു വർഷങ്ങളായി മാവോയിസ്റ്റുകളായി പ്രവർത്തിക്കുന്നവരാണ് കോഴിക്കോട്ട് അറസ്റ്റിലായവർ എന്നതിന് പൊലീസിന് ശക്തമായ തെളിവാണ് കിട്ടിയത്. ഈ സ്ഥിതിക്ക് അതിൽ കൈ കടത്തിയാൽ സർക്കാരിനെതിരെ ആരോപണമുയർത്താൻ കേന്ദ്രം ഭരിക്കുന്ന കക്ഷികൾ ശ്രമിച്ചേക്കാം. വിഷയം ഇനി നിയമപരമായ പരിശോധനയിലൂടെ തിരുത്താനേ സാധിക്കൂ. യു.എ.പി.എ അതോറിട്ടിയുടെ മുന്നിൽ കേസെത്തുമ്പോഴാണ് ഇടപെടാനാവുക. ചിലർക്കെതിരെ യു.എ.പി.എ ചുമത്തിയത് നേരത്തേ പുനഃപരിശോധിച്ചതും പാർട്ടി ചൂണ്ടിക്കാട്ടുന്നു.

മാവോയിസ്റ്റുകളുടെ നീക്കം

സർക്കാരിനെ തകർക്കാൻ

മാവോയിസ്റ്റുകളെ വർഗശത്രുക്കളായി സി.പി.എം വിലയിരുത്തുന്നില്ല. എന്നാൽ ഇപ്പോഴത്തെ അവരുടെ നീക്കങ്ങൾ ഇടതു സർക്കാരിനെ ഇല്ലാതാക്കാനാണെന്ന് പാർട്ടി കരുതുന്നു. പശ്ചിമബംഗാളിൽ ഇടതു ഭരണകാലത്ത് മമതാ ബാനർജിയെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് മാവോയിസ്റ്റുകൾ സി.പി.എം പ്രവർത്തകരുടെ ജീവനെടുത്തത്. വിശദീകരണ യോഗങ്ങളിൽ ഇക്കാര്യം അവതരിപ്പിക്കും. മാവോയിസ്റ്റുകൾക്കെതിരായ പൊലീസ് നടപടി രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും സി.പി.എം പറയുന്നു