salary

തിരുവനന്തപുരം: മാർബിൾ ആൻഡ് ഗ്രാനൈ​റ്റ് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ കൂലി നിരക്കുകളുടെ പ്രാഥമിക വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. വിജ്ഞാപനം ഗസ​റ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ടു മാസം തികയുന്ന തീയതിക്കോ അതിനു ശേഷമോ പരിഗണനയ്‌ക്കെടുക്കും. പ്രാഥമിക വിജ്ഞാപനം സംബന്ധിച്ചുള്ള പരാതികൾ ഇതിനു മുൻപ് പരിഗണിക്കും. ആക്ഷേപങ്ങളും നിർദേശങ്ങളുമുണ്ടെങ്കിൽ ഗവൺമെന്റ് അഡിഷണൽ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയ​റ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ അയക്കണം.

മാനേജർക്ക് 15,090 രൂപ, സെയിൽസ്, മാർക്ക​റ്റിങ് എക്സിക്യൂട്ടിവുമാർ, ക്രെയിൻ ഓപ്പറേ​റ്റർ എന്നിവർക്ക് 14,370 രൂപ, ക്ലാർക്ക്, ഒ.എ, അക്കൗണ്ടന്റ്, സെയിൽസ് മാൻ, കംപ്യൂട്ടർ ഓപ്പറേ​റ്റർ, ഡ്രൈവർ വിഭാഗക്കാർക്ക് 13,690 രൂപ, ക്ലീനർ, ഹെൽപ്പർ, വാച്ച്മാൻ, സ്വീപ്പർ എന്നിവർക്ക് 13,040 രൂപ എന്നിങ്ങനെയാണ് പ്രതിമാസ വേതനമായി വ്യക്തമാക്കിയിട്ടുള്ളത്.

ദിവസ വേതന വിഭാഗത്തിൽ പോളിഷർ, കട്ടർ എന്നിവർക്ക് 600 രൂപയും ലോഡിങ് ആൻഡ് അൺലോഡിങ് വർക്കർമാർക്ക് 640 രൂപയും അടിസ്ഥാന വേതനമായി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീസ് റേ​റ്റ് വിഭാഗം ജോലിക്കാർക്ക് ഗ്രാനൈ​റ്റ് സ്ലാബ്, മാർബിൾ സ്ലാബ് ടൺ ഒന്നിന് 560 രൂപയും ഗ്രാനൈ​റ്റ് / മാർബിൾ പീസ്, ടൈൽ വിഭാഗം ജോലിക്കാർക്ക് ടൺ ഒന്നിന് 475 രൂപയുമാണ് അടിസ്ഥാന വേതനമായി വ്യക്തമാക്കിയിട്ടുള്ളത്.