തിരുവനന്തപുരം: കലോത്സവ വേദിയിൽ സംഘർഷം ഉണ്ടാക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്ത സംഭവത്തിൽ നിർമ്മലാഭവൻ ഹയർസെക്കൻഡറി സ്‌കൂളിനും പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനും എതിരെ നടപടിക്കൊരുങ്ങി ഡെപ്യൂട്ടി ഡയറക്ടർ. ഇരു സ്‌കൂളുകളിലെയും ഹൈസ്‌കൂൾ വിഭാഗത്തിന് നോട്ടീസ് അയയ്ക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ്കുമാർ പറഞ്ഞു. ഹയർസെക്കൻഡറി വിഭാഗത്തിനെതിരെ നടപടി എടുക്കുന്നതിനായി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തുനൽകിയെന്നും ഡി.ഡി പറഞ്ഞു. ഇരുസ്‌കൂളിലെയും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ സംഘനൃത്തത്തിലെ വിധി നിർണയത്തിലെ അപാകത ആരോപിച്ച് വ്യാഴാഴ്ച രാത്രി റോഡ് ഉപരോധിച്ചു. മാത്രമല്ല ഇന്നലെ രാവിലെ പട്ടം ഗേൾസിലെ വിദ്യാർത്ഥികൾ വേദിയിലിരുന്നു പ്രതിഷേധിച്ചു. പ്രധാന അദ്ധ്യാപകനെ ഉൾപ്പെടെ ഡി.ഡി ഫോണിൽ ബന്ധപ്പെട്ടിട്ടും ഫോണെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് നടപടിയിലേക്ക് നീങ്ങിയത്.