ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയുടെ ജോലികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാഗം ജെ. യേശുദാസ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തി. ഇന്നലെ പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ ശേഷമാണ് സമരം തുടങ്ങിയത്. അർബൻ മിഷനിൽ കുടിവെള്ള പദ്ധതിക്ക് മൂന്നര കോടിയും പൈപ്പുലൈൻ സ്ഥാപിക്കുന്നത് 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കാൻ പദ്ധതിയിട്ടത്. തേവിയാരുകുന്നിൽ 60 സെന്റ് സ്ഥലത്ത് പമ്പ് ഹൗസും വാട്ടർ ടാങ്കും നിർമിക്കുന്നതിനായിരുന്നു പദ്ധതി. പണികൾ നടത്താനായി വാപ്കോസ് എന്ന കമ്പനിയ്ക്കാണ് കരാർ നൽകിയതെങ്കിലും ഇതുവരെ ജോലികൾ ആരംഭിച്ചിട്ടില്ല. തുടർന്നാണ് പ്രതിപക്ഷാംഗം സമരവുമായി രംഗത്തെത്തിയത്. സെക്രട്ടറി തിങ്കളാഴ്ച പരിഹാരം കാണണമെന്ന ഉറപ്പിൻമേൽ വൈകിട്ട് 5ഓടെ സമരം അവസാനിപ്പിച്ചു. ഇതിൽ തീരുമാനമായില്ലെങ്കിൽ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങുമെന്ന് യേശുദാസ് അറിയിച്ചു. അതേ സമയം വാട്ടർ അതോറിട്ടിയുടെ സാങ്കേതിക അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ജോലികൾ ആരംഭിക്കാൻ വൈകിയതെന്നും ഡിസംബർ ആദ്യവാരം ജോലികൾ തുടങ്ങാമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം അറിയിച്ചു.