prd

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം
തിരുവന്തപുരം: 01/01/1999 മുതൽ 20/11/2019 വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ജനുവരി 31 വരെ അപേക്ഷിക്കാം.

അച്ചടി സ്ഥാപനങ്ങളിൽ നിന്ന് ഇ-ടെർ മുഖേന അപേക്ഷ ക്ഷണിച്ചു
തിരുവന്തപുരം:ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയുടെ 2019-20 വർഷത്തെ അച്ചടി ജോലികൾ നിർവഹിക്കുന്നതിന് തിരുവനന്തപുരം നഗരത്തിലെ ആധുനിക സൗകര്യമുള്ള അച്ചടി സ്ഥാപനങ്ങളിൽ നിന്നും ഇ-ടെർ മുഖേന അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: etender.kerala.gov.in.

ഗവേഷണ പദ്ധതിയിൽ നിയമനം
തിരുവന്തപുരം:ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ ജെ.ആർ.എഫ് (മൂന്ന്) ജെ.പി.എഫ്.(മൂന്ന്) സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഒന്ന്) തസ്തികകളിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28ന് രാവിലെ പത്തിന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. വിശദവിവരങ്ങൾക്ക്:www.jntbgri.res.in

വിമുക്തി മിഷനിൽ റിസർച്ച് ഓഫീസർ കരാർ നിയമനം
തിരുവന്തപുരം:വിമുക്തി മിഷനിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് മൂന്നൊഴിവുകളിൽ കരാർ നിയമനം നടത്തുന്നു. സമാഹൃതവേതനം 50,000/- രൂപ. അംഗീകൃത സർവകലാശാലയിൽ നിന്നും സൈക്കോളജിയിൽ/സോഷ്യോളജിയിൽ നേടിയ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും പി.എച്ച്.ഡിയുമാണ് യോഗ്യത. പി.എച്ച്.ഡി നേടിയതിനുശേഷം ഗവേഷണരംഗത്തെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പിയർ റിവ്യൂവ്ഡ് ജേർണലിൽ ഗവേഷണ പ്രസിദ്ധീകരണം ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സിൽ താഴെ. അപേക്ഷകൾ ഡിസംബർ അഞ്ചിന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വിമുക്തി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എക്‌സൈസ് ഹെഡ് ക്വാർട്ടേഴ്സ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം, പിൻ-695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഇമെയിൽ: ecoffice.exc@kerala.gov.in. ഫോൺ: 0471-2332632.

ഭാഗ്യക്കുറി ക്ഷേമനിധി: കലാകായിക മേള 30ന്
തിരുവന്തപുരം:ഭാഗ്യക്കുറി വില്പനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി ക്ഷേമനിധി ബോർഡ് സംഘടിപ്പിക്കുന്ന കലാ കായിക മേള 30ന് സംസ്‌കൃത കോളേജിൽ നടക്കും. സമാപന സമ്മേളനം വൈകിട്ട് വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ വികസനകാര്യ കമ്മിറ്റി അംഗം ബിന്ദു ശ്രീകുമാർ സമ്മാനദാനം നിർവഹിക്കും. ജില്ലാ തല മത്സര വിജയികൾക്ക് ഡിസംബറിൽ പാലക്കാട് നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. രജിസ്‌ട്രേഷന് ഫോൺ നമ്പർ: 0471-2325582.

പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി), സ്‌കൂൾ വിദ്യാർത്ഥികൾക്കായി 30ന് നടത്താനിരുന്ന സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി സബ്‌ ജില്ലാതല പരീക്ഷ 2020 ജനുവരി നാലിലേക്ക് മാറ്റിയതായി എസ്.സി.ഇ.ആർ.ടി. ഡയറക്ടർ അറിയിച്ചു.

ആയുർവേദ ഫാർമസിസ്റ്റ്, തെറാപ്പിസ്റ്റ് പരീക്ഷ
തിരുവനന്തപുരം: ആയുർവേദ ഫാർമസിസ്റ്റ്/നേഴ്സ്/തെറാപ്പിസ്റ്റ് കോഴ്സുകളുടെ പരീക്ഷയും സപ്ലിമെന്ററിപരീക്ഷയും 2020 ജനുവരിയിൽ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. 551 രൂപയാണ് പരീക്ഷാഫീസ്. പട്ടിക ജാതി/പട്ടിക വർഗ വിദ്യാർത്ഥികൾക്ക് 276 രൂപയാണ് ഫീസ്. ഫൈൻ ഇല്ലാതെ ഡിസംബർ പത്ത് വരെയും 27 രൂപ ഫൈനോടെ 12 വരെയും അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോം www.ayurveda.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫോറത്തിന്റെ വില 22 രൂപ പരീക്ഷാ ഫീസിനോടോപ്പം അടയ്ക്കണം. '0210​-03-101-98 Exam fees and other fees' എന്ന ഹെഡ് ഓഫ് അക്കൗണ്ടിലാണ് ഫീസ് അടയ്ക്കേണ്ടത്.
ആയുർവേദ നഴ്സ്/ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷയുടെ ഫീസ് ഒരു വിഷയത്തിന് 110 രൂപയാണ്. പൂരിപ്പിച്ച അപേക്ഷകൾ കോഴ്സ് പഠിച്ച സ്ഥാപനങ്ങൾ മുഖേന സമർപ്പിക്കണം. ആയുവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ നേരിട്ട് വാങ്ങില്ല.