കിളിമാനൂർ: കേരളാ കർഷകസംഘം ഇരുപത്തിയാറാമത് തിരുവനന്തപുരം ജില്ലാസമ്മേളനം കിളിമാനൂരിൽ നടക്കും. ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഡിസംബർ 1, 2 തീയതികളിൽ ചെറുന്നിയൂർ കൃഷ്ണൻകുട്ടി നഗറിൽ (ശ്രീലക്ഷ്മി ഓഡിറ്റോറിയം കിളിമാനൂർ) നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ, കോലിയക്കോട് കൃഷ്ണൻനായർ തുടങ്ങിയവർ സംസാരിക്കും. ഡിസംബർ 4ന് 3 മുതൽ കർഷകറാലി ആരംഭിക്കും. കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആരംഭിക്കുന്ന പൊതുസമ്മേളനം കിസാൻ സഭാ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും.
നവംബർ 23 ശനിയാഴ്ച രാവിലെ 8മുതൽ ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി.എസിൽ ആരോഗ്യ കേരളവും ജൈവകൃഷിയും എന്ന വിഷയത്തെ അധികരിച്ച് സെമിനാറും മെഡിക്കൽ ക്യാമ്പും നടക്കും. മുൻമന്ത്രി എം. വിജയകുമാർ ഉദ്ഘാടനം ചെയ്യും.
ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നാവായിക്കുളം തൃക്കോവിൽവട്ടം വടക്കേവയൽ ഏലായിൽ അഖിലകേരളാ മരമടി മഹോത്സവം സംഘടിപ്പിക്കും. മരമടി മഹോത്സവം കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. 25 ന് ഉച്ചക്ക് 2മണിമുതൽ കാരേറ്റ് ആർ.കെ.വി ഓഡിറ്റോറിയത്തിൽ വനിതാ കർഷകസംഗമവും സെമിനാറും നടക്കും. ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി ഉദ്ഘാടകയാകും. 27 ന് വൈകിട്ട് 4ന് രാജാരവിവർമ്മാ ആർട്ട് ഗ്യാലറിയിൽ കാർഷിക ചരിത്രസെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ അദ്ധ്യക്ഷനാകും. 28 ന് പോങ്ങനാട് ആർ.സി.ഇ.പിയും കാർഷിക മേഖലയും എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷനാകും. 29 ന് വൈകിട്ട് 4മുതൽ നഗരൂർ ക്രിസ്റ്റൽ അങ്കണത്തിൽ യുവകർഷകസംഗമം നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടകനാകും. വി. ജോയി എം.എൽ.എ അദ്ധ്യക്ഷനാകും. 30 ന് രാവിലെ 9മുതൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കാർഷിക വ്യാവസായിക കന്നുകാലി പ്രദർശനം കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് എൻ. കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല സിന്റിക്കേറ്റംഗം ബി.പി. മുരളി ദ്അധ്യക്ഷനാകും. സമ്മേളനത്തിന്റെ ഭാഗമായി കലാ സാംസ്കാരിക പരിപാടികളും നടക്കുമെന്ന് വി.എസ്. പത്മകുമാർ കിളിമാനൂർ കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക ഹാളിൽ വിളിച്ചു ചേർന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ്. ജയചന്ദ്രൻ, ജനറൽ കൺവീനർ എസ്. ഹരിഹരൻപിള്ള, ട്രഷറർ കെ. വിജയൻ, ആർ.കെ. ബൈജു തുടങ്ങിയവർ പങ്കെടുത്തു