കല്ലമ്പലം: സ്കൂൾ സമയങ്ങളിൽ സ്കൂളുകൾക്ക് സമീപമുള്ള ബസ് സ്റ്റോപ്പുകളിൽ നിറുത്താത്ത ബസുകൾക്കെതിരെ നടപടി തുടങ്ങി. ബസ് നിറുത്തുന്നില്ലെന്ന പരാതിയെ തുടർന്ന് കടുവാപ്പള്ളിക്ക് സമീപം കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ അനൂപ് ആർ. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. തുടർന്ന് വിദ്യാർത്ഥികൾ നിൽക്കുന്ന ബസ് സ്റ്റോപ്പിൽ നിറുത്താതെ പോയ സ്വകാര്യ ബസിനെ പിന്തുടർന്ന് തിരികെ ബസ് സ്റ്റോപ്പിൽ എത്തിച്ച് മുഴുവൻ വിദ്യാർത്ഥികളെയും കയറ്റിയ ശേഷമാണ് യാത്ര തുടരാൻ അനുവദിച്ചത്. ബസ് ജീവനക്കാർക്ക് ശക്തമായ താക്കീത് നൽകിയിട്ടുണ്ടെന്നും തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നും കല്ലമ്പലം പൊലീസ് സബ് ഇൻസ്പെക്ടർ നിജാം.വി അറിയിച്ചു.