നെടുമങ്ങാട് : വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ കായികാദ്ധ്യാപകൻ കരകുളം സ്വദേശി ബോബി സി.ജോസഫിനെ (50) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനാണ്. ഇയാളുടെ കീഴിൽ പരിശീലനം നടത്തുന്ന പത്തോളം കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. കായിക പരിശീലനത്തിനെന്ന പേരിൽ സ്‌കൂൾ പ്രവൃത്തി സമയത്തും സ്‌കൂൾ വിട്ടതിനു ശേഷവും വിദ്യാർത്ഥികളെ കാറിൽ കയറ്റി പുറത്ത് വിജനമായ സ്ഥലത്ത് കൊണ്ടുപോയി കുട്ടികളെ പരസ്പരം പ്രകൃതി വിരുദ്ധ പീഡനത്തിൽ ഏർപ്പെടുത്തി ആസ്വദിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ശല്യം സഹിക്കാതെ രണ്ടു കുട്ടികൾ രക്ഷിതാക്കളോട് വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിലും പൊലീസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.