തിരുവനന്തപുരം: വീടിനുള്ളിൽ കടന്ന് വീട്ടമ്മയുടെ അഞ്ച് പവന്റെ മാല പൊട്ടിച്ചെടുത്തതായി പരാതി. ഇടപ്പഴഞ്ഞി എസ്.കെ ഹോസ്‌പിറ്റലിന് എതിർവശം പുത്തൻപുരയ്ക്കൽ വീട്ടിൽ സുലജയുടെ മാലയാണ് ഇന്നലെ പുലർച്ചെ അഞ്ചിന് മോഷ്ടിച്ചത്. മുകൾ നിലയിലെ ഹാളിലാണ് വീട്ടമ്മ ഉറങ്ങിയിരുന്നത്. താഴത്തെ നിലയുടെ ഗ്രില്ലിൽ ചവിട്ടിക്കയറിയാണ് കള്ളൻ വീടിന്റെ ഹാളിൽ കടന്നതെന്ന് കരുതുന്നു. ഇവിടെ നിന്നു ഒരു ചെരുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഹാളിലേക്ക് കടന്നെത്തിയ ആൾ മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപെട്ടതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൂജപ്പുര പൊലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്താനായി സ്ഥലത്തെ സി.സി.ടിവികൾ പൊലീസ് പരിശോധിച്ചു.