തിരുവനന്തപുരം: കരകൗശല വികസന കോർപറേഷന്റെ പ്രധാന വിപണന യൂണിറ്റായ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി വിപണന മേളയായ ക്രാഫ്റ്റ്സ് ബസാറിന്
ഇന്ന് തുടക്കമാകും. തൈക്കാട് പൊലീസ് രാവിലെ പത്തിന് മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഈട്ടി തടിയിലും കുമ്പിൾത്തടിയിലും തീർത്ത വിവിധ ശില്പങ്ങൾ, പിച്ചളയിലും ഓടിലുമുളള ഗൃഹാലങ്കാര വസ്തുക്കൾ, നെട്ടൂർ പെട്ടി, ആറൻമുള കണ്ണാടി തുടങ്ങിയ കേരളീയ ഉത്പന്നങ്ങൾക്കു പുറമേ, ശാന്തിനികേതൻ ബാഗുകൾ, ഘൊഷയാർ ലൈസ് വർക്കുകൾ, കോലാപുരി ചെരുപ്പുകൾ, വിവിധ തരം വസ്ത്രങ്ങൾ, മൺപാത്ര ഉത്പന്നങ്ങൾ, ആഭരണങ്ങൾ എന്നിവ പ്രദർശനത്തിനും വില്പനയ്ക്കുമായി സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രവസ്ത്ര മന്ത്രാലയത്തിനു കീഴിലുളള കരകൗശല കമ്മിഷണർ ഓഫീസിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേള ഡിസംബർ അഞ്ചിന് അവസാനിക്കും. കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.സുനിൽകുമാർ, എം.ഡി എൻ.കെ.മനോജ് തുടങ്ങിയവർ പങ്കെടുക്കും.