kerala-university
kerala university

ക്രൈംബ്രാ‌ഞ്ച് , ആഭ്യന്തര അന്വേഷണം തുടരും

തിരുവനന്തപുരം : കേരള സർവകലാശാലാ പരീക്ഷകളിലെ മോഡറേഷൻ മാർക്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ വിനോദ് ചന്ദ്രയെ സസ്‌പെൻഡ് ചെയ്തു. ടാബുലേഷൻ സോഫ്റ്റ്‌വെയർ അപാകത പരിഹരിക്കുന്നതിൽ അലംഭാവം കാണിച്ചതിനാണ് നടപടി.

പ്രോ വൈസ് ചാൻസലർ ഡോ. പി.പി അജയകുമാറിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയും ഡോ.ഗോപ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് കമ്പ്യൂട്ടർ സെന്റർ ഡയറക്ടറെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. പകരം ഡയറക്ടറായി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരാളെ ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വൈസ് ചാൻസലർ വി.പി.മഹാദേവൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ആരെയെങ്കിലും സഹായിക്കാൻ സോഫ്റ്റ് വെയറിൽ ബോധപൂർവം ക്രമക്കേട് നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.സോഫ്റ്റ്‌വെയർ അപാകത പരിഹരിക്കാൻ മുൻ വൈസ് ചാൻസലർ പല ഘട്ടങ്ങളിൽ നിർദേശിച്ചിരുന്നെങ്കിലും ഡയറക്ടർ നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പരിഹരിച്ചതായി സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. അവധി ദിനമായ ഞായറാഴ്ച കമ്പ്യൂട്ടർ സെന്റർ തുറന്ന് പ്രവർത്തിപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. വിദ്യാർത്ഥികളുടെ ഫീസ് ജനസേവന കേന്ദ്രം വഴി അടയ്ക്കുമ്പോൾ പണം സർവകലാശാലയ്ക്ക് ലഭ്യമായെന്ന് ഉറപ്പാക്കാൻ സോഫ്റ്റ്‌വെയറിൽ മതിയായ ക്രമീകരണം ചെയ്യുന്നതിലും ഡയറക്ടർ വീഴ്‌ച വരുത്തി.
ടാബുലേഷൻ സോഫ്റ്റ്‌വെയറിന്റെ പാസ്‌വേഡ് നിയന്ത്രിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായി.

കമ്പ്യൂട്ടർ സെന്ററിലെ എല്ലാ ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെടും. സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കാനും ബയോമെട്രിക് അധിഷ്ഠിത മൾട്ടി ലെയർ സുരക്ഷാ സംവിധാനം ഏർപ്പെടുത്താനും സിഡാക്കിനെ ചുമതലപ്പെടുത്തും. നിലവിലുള്ള പാസ് വേഡുകൾ റദ്ദാക്കാനും മൂന്ന് മാസത്തിലൊരിക്കൽ പാസ്‌വേഡ് മാറ്റാനും തീരുമാനിച്ചു. ബയോമെട്രിക്കൽ മൾട്ടിലെയർ സംവിധാനം സോഫ്റ്റ്‌വെയറിൽ നടപ്പാക്കും. പ്രോ വിസിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം തുടരും. ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരിക്കും. ഇതിനായി സർവകലാശാലാ രജിസ്ട്രാറെ നോഡൽ ഓഫീസറായി നിയമിച്ചു. .

390 മാർക്ക് ലിസ്റ്റ് റദ്ദാക്കും

ആകെ 727 വിദ്യാർത്ഥികളുടെ മൊഡറേഷനിലാണ് അപാകതയുണ്ടായത്. ഇതിൽ 390 പേർ മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്തു. ഈ മാർക്ക് ലിസ്റ്റുകളും അധികമായി ലഭിച്ച മാർക്കും റദ്ദാക്കും. സൂക്ഷ്മ പരിശോധന നടത്തി ഇതിൽ നിന്ന് ഏതെങ്കിലും വിദ്യാർത്ഥിയെ ഒഴിവാക്കിയാൽ ആരോപണങ്ങൾ ഉയരുമെന്നതിനാലാണ് എല്ലാ മാർക്ക് ലിസ്റ്റും റദ്ദാക്കാൻ തീരുമാനിച്ചത്. ഇതോടെ, തുടർപഠനം നടത്തുന്ന കുട്ടികളൾക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടാവും. .