crime

നെടുമങ്ങാട് : പതിന്നാലുകാരിയായ മകളെ പരപുരുഷന്മാരുമായി അവിഹിതത്തിന് നിർബന്ധിച്ച കേസിൽ അറസ്റ്റിലായ മാതാവിനെ കോടതി റിമാൻഡ് ചെയ്തു. പനയ്‌ക്കോട് നെടിയവേങ്കോട് പാറമുകൾ റോഡരികത്ത് വീട്ടിൽ ശോഭനയാണ് (39) അറസ്റ്റിലായത്. ഭർത്താവിന്റെ മരണശേഷം പല പുരുഷന്മാർക്കും ഒപ്പം കഴിഞ്ഞുവന്ന ശോഭന, മകളെയും ഇവർക്ക് കാഴ്ചവയ്ക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഏറെനാളായി എതിർത്തുനിന്ന പെൺകുട്ടിയുടെ മാനസികനില തകരാറിലായി. നാട്ടുകാർ ഇടപെട്ട് ചൈൽഡ് ലൈൻ സഹായത്തോടെ സുരക്ഷിത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മാനസികനില വീണ്ടെടുത്ത കുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും ശോഭനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. താനുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ പ്രേരണയിലാണ് മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതെന്ന് ഇവർ സമ്മതിച്ചു. ശോഭനയെ പൊലീസ് അറസ്റ്റ് ചെയ്ത ദിവസം ഇവരുടെ മകൻ അഭിലാഷ് (19) സമീപവാസിയായ വീട്ടമ്മയുടെ ബാഗിൽ നിന്ന് സ്വർണവള, രണ്ട് മോതിരം, മൊബൈൽഫോൺ, പണം എന്നിവ മോഷ്ടിച്ച കേസിൽ വലിയമല പൊലീസിന്റെ പിടിയിലായി. അഭിലാഷും റിമാൻഡിലായി.