02

കുളത്തൂർ: നിയന്ത്രണംതെറ്റി റോഡിൽ തെന്നി നീങ്ങിയ മോട്ടോർ ബൈക്ക് എതിരെവന്ന ടിപ്പർ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂടിന് സമീപം പുല്ലമ്പാറ തേമ്പാമൂട് ചാവ റോഡിൽ ബദറുദ്ദീൻ- ഉമ്മൈറത്ത് ബീവി ദമ്പതികളുടെ മകനായ അനസ് (21) ആണു മരിച്ചത്. കഴക്കൂട്ടം മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലെ കംപ്ളെയിന്റ്സ് വിഭാഗത്തിലെ ഫയർ ആൻഡ് സേഫ്ടി ട്രെയിനിയായിരുന്നു അനസ്. ഇന്നലെ വൈകിട്ട് 3.45ന് സ്റ്റേഷൻകടവ് - ഗെയിംസ് വില്ലേജ് റോഡിൽ മീനാക്ഷി ക്ഷേത്രത്തിനടുത്തെ ലക്ഷംവീട് കോളനിയിലേക്കുള്ള വളവിലായിരുന്നു അപകടം.

കൂടെ ജോലിചെയ്യുന്ന സുഹൃത്തിനെ വീട്ടിലാക്കിയശേഷം തിരികെ സ്റ്റേഷൻകടവ് - ശാന്തിനഗർ വഴി കിൻഫ്രയിലേക്കു പോകവെ എതിരെ വന്ന വാഹനത്തിന് സൈഡ് നല്കുന്നതിനിടയിൽ ബൈക്ക് തെന്നി നിരങ്ങി വളവുകഴിഞ്ഞെത്തിയ ടിപ്പർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. മംഗലപുരം കളിമൺ കമ്പനിയിൽ നിന്ന് മാധവപുരം കമ്പനിയിലേക്ക് ക്ലേയുമായി വന്നതാണ് ടിപ്പർ ലോറി. തോന്നയ്ക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാർ, തുമ്പ സി.ഐ ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അജീനയാണ് അനസിന്റെ സഹോദരി.

 പോസ്റ്റുകൾ അപകടക്കെണി

ഇവിടെ റോഡിന്റെ ടാർ ഭാഗത്തേക്ക് അപകടകരമായ നിലയിൽ തള്ളിനിൽക്കുന്ന വൈദ്യുത പോസ്റ്റുകളാണ് അപകടത്തിന് വഴിവച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിലെ വളവിൽ എതിരെ വരുന്ന വാഹനങ്ങളെ മറയ്ക്കുന്ന തരത്തിലാണ് വൈദ്യുത പോസ്റ്റുകൾ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്നത്. ഇതുകാരണം ഇവിടെ അപകടമേഖലായിട്ടുണ്ട്. പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു.